ന്യൂദല്‍ഹി: 91കാരനെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന വേലക്കാരനും സംഘവും അടിച്ചുബോധം കെടുത്തിയ ശേഷം ഫ്രിഡ്ജിലാക്കി തട്ടിക്കൊണ്ടുപോയി. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയ രണ്ടിലാണ് സംഭവം. കൃഷ്ണ ഖോസ്ലെ എന്ന വൃദ്ധനെയാണു ബിഹാര്‍ സ്വദേശിയായ കിഷനും അഞ്ചംഗം സംഘവും ചേര്‍ന്ന് ഫ്രിഡ്ജിലാക്കി ടെംപോ വാനില്‍ കയറ്റി തട്ടിക്കൊണ്ടു പോയത്. ഒരു വര്‍ഷത്തിലേറെയായി കൃഷ്ണയുടെ വീട്ടിലെ വേലാക്കാരനായിരുന്നു കിഷന്‍. ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിലുള്ള വിരോധമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൃഷ്ണയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയേയും സംഘം ആക്രമിച്ചു ബോധം കെടുത്തി. പ്രദേശത്ത് മോഷണങ്ങള്‍ അടിക്കടി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം ആദ്യമായാണെന്നു പ്രദേശവാസികള്‍ പറയുന്നു. പല സംഘങ്ങളായി തിരിഞ്ഞു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
















