ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുകഴ്‌ത്തി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. അമിത് ഷാ ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനാണെന്നും യഥാര്‍ഥ കര്‍മയോഗിയാണെന്നും മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയില്‍ ബിരുദധാനചടങ്ങിനിടെയാണ് അമിത് ഷാ യെ സ്തുതിച്ച് മുകേഷ് അംബാനി സംസാരിച്ചത്. മുകേഷ് അംബാനിയുടെ വാക്കുകള്‍ ഇങ്ങനെ- അമിത് ഭായ്, നിങ്ങളൊരു യഥാര്‍ഥ കര്‍മയോഗിയാണ്. ശരിക്കും നിങ്ങള്‍ രാജ്യത്തിന്റെ ഉരുക്ക് മനുഷ്യന്‍ തന്നെയാണ്. ഗുജറാത്തും ഇപ്പോള്‍ നമ്മുടെ രാജ്യവും നിങ്ങളെപ്പോലെയൊരു നേതാവിനെ കിട്ടിയതില്‍ ഞങ്ങള്‍ അനുഗ്രഹീതരായിരിക്കുന്നു.ഇന്ത്യ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ വെക്കേണ്ടതില്ല. വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടിക്കേണ്ടതില്ല. നിങ്ങളുടെ ആഗ്രഹങ്ങളും ഭാവിയും സമ്പൂര്‍ണമാക്കാന്‍ കഴിയും വിധം ഇന്ത്യ വളരുകയാണ്.
2014 വരെ ഇന്ത്യന്‍ സമ്പദ് രംഗത്തെ രക്ഷിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ലെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറ്റാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞെന്നും അമിത് ഷാ.
















