ന്യൂദല്‍ഹി: രാജ്യ സുരക്ഷയില്‍ അതി നിര്‍ണായക പ്രഖ്യാപനവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുമുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട പ്രത്യേക വിജ്ഞാപനവും അമിത് ഷാ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. കശ്മീരിനു മാത്രമുള്ള 370ാം വകുപ്പ് അസാധുവാക്കിയെന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ഇതിനു രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്നും അമിത് ഷാ. പ്രമേയം അവതരിപ്പിച്ച ഉടന്‍ പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ഇന്നു ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു യോഗം. ഇതിനു ശേഷമാണ് അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപനം നടത്തിയത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായും ആഭ്യന്തര സെക്രട്ടറിയുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ സൈന്യം വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്നലെ രാത്രിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്ഭവനിലാണ് അദേഹം കൂടികാഴ്ച നടത്തിയത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും യോഗത്തിനെത്തിയിരുന്നു. നേരത്തെ, ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കിയിരുന്നു.
അതേസമയം, ജമ്മു കശ്മീര്‍ താഴ്വരയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ അര്‍ദ്ധരാത്രിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സൈനിക നടപടിയുടെ ഭാഗമായി നേരത്തെ ജമ്മു കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. നഗരങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് ഇന്നു രാത്രി 12ന് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിര്‍ത്തിവെച്ചത്. ജമ്മു കശ്മീരിലെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബയും, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















