ചെന്നൈ: ഭാരതത്തിന്റെ യശസ് വീണ്ടും വാനോളം. കോടിക്കണക്കിനു ഭാരതീയരുടെ പ്രാര്‍ഥനയും ഐഎസ്ആര്‍ഒയുടെ ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാരുടെ പ്രയത്‌നവും ഫലം കണ്ടു. ത്രിവര്‍ണ പതാകയുമായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നു 2.43ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇതോടെ, ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം, ചന്ദ്രയാന്‍-2 പൂര്‍ണ വിജയം.
ക്രയോജെനിക് എഞ്ചിനിലെ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ജൂലൈ 15ന് നിര്‍ത്തിവെച്ച വിക്ഷേപണമാണ് ഇന്ന് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നേതാക്കള്‍ ചന്ദ്രയാന്‍ ദൗത്യം വിജയകരായി പൂര്‍ത്തിയാക്കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.സാങ്കേതിക തകരാര്‍ പരിഹരിച്ചെന്നും റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കിയിരുന്നു.
വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43 നാണു ആരംഭിച്ചത്. വരും ദിവസങ്ങളില്‍ 15 നിര്‍ണായക പ്രവര്‍ത്തനങ്ങളാകും ചന്ദ്രയാന്‍ പൂര്‍ത്തിയാക്കുകയെന്നും കെ. ശിവന്‍ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണം എന്ന പ്രത്യേകതയും ചന്ദ്രയാന്‍-2ന് ഉണ്ട്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യവും ചന്ദ്രയാന്‍-2 തന്നെ. സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെ ചന്ദ്രയാന്‍-2ന്റെ വിഭാവനവും വികസനവും പൂര്‍ണമായും ഇന്ത്യ തന്നെയായിരുന്നു.
സെപ്തംബര്‍ ആറിനോ ഏഴിനോ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് കരുതുന്നത്. റോക്കറ്റിന്റെ ക്രയോജെനിക് അപ്പര്‍ സ്റ്റേജ് എഞ്ചിനില്‍ ഇന്ധനം നിറയ്‌ക്കവെയാണ് 15ന് ചോര്‍ച്ച കണ്ടെത്തിയത്. 978 കോടി ദൗത്യത്തിന്റെ വിക്ഷേപണത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ, തകരാറ് തിരിച്ചറിഞ്ഞ് സമയോചിത തീരുമാനമെടുത്ത ഐഎസ്ആര്‍ഒയെ പിന്തുണച്ച് വിദഗ്ധരും ജനങ്ങളും രംഗത്തെത്തിയിരുന്നു.
ചന്ദ്രായാന്റെ രണ്ടാം ദൗത്യത്തില്‍ അല്‍പം ഭേദഗതികളും വരുത്തിയിട്ടുണ്ട്. ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അന്‍പതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.
















