ന്യൂഡൽഹി : മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിക്കുന്ന പാറ്റാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയുടെ വീഡിയോ പുറത്ത്. ഡൽഹി പോലീസ് ഡിസിപിയും പിആർഒയുമായ നേഹ യാദവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഭിജീത് ദിപ്കെയ്‌ക്ക് സഹായം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്.
അഭിജീത് ദിപ്കെയുടെ മുത്തശ്ശിയുടെ മരണവാർത്ത ഡൽഹി പോലീസിന് ലഭിച്ചയുടനെ, വാർത്ത പങ്കുവെക്കാനും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യാനും പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് അഭിജീത് ദിപ്കെയെ സമീപിച്ചു എന്ന് ഡൽഹി പോലീസ് ഡിസിപി നേഹ യാദവ് പറഞ്ഞു.
വീട്ടിലേയ്‌ക്ക് പോകാൻ ബസ്സിലോ വിമാനത്തിലോ മറ്റേതെങ്കിലും മാർഗ്ഗത്തിലോ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കിത്തരാം,” എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത് . മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോ? മാതാപിതാക്കളോട് സംസാരിക്കണോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചു, പക്ഷേ അഭിജീത് ദിപ്കെ വിസമ്മതിച്ചു.വേണ്ട, അത് സാധ്യമല്ല. എനിക്ക് അച്ഛനോട് സംസാരിക്കാൻ കഴിയില്ല,” എന്നായിരുന്നു ദിപ്കെയുടെ മറുപടി. ഇത് പൊലീസ് പുറത്ത് വിട്ട വീഡിയോയിൽ വ്യക്തമായി കാണാനാകും .
“കഴിഞ്ഞ തവണ പ്രതിഷേധത്തിന് സിജെപിക്ക് അനുമതി നൽകിയപ്പോൾ അവർ നിയമം പാലിച്ചില്ല, ഒത്തുകൂടിയ ജനക്കൂട്ടം കനത്ത കല്ലെറിയൽ, തീവയ്‌പ്പ്, അക്രമം എന്നിവയിൽ ഏർപ്പെടുകയും സർക്കാർ സ്വത്തുക്കൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഈ കാര്യങ്ങളും നിലവിലെ സുരക്ഷയും ക്രമസമാധാന നിലയും മനസ്സിൽ വെച്ചുകൊണ്ട്, ജന്തർ മന്തറിൽ നിർദ്ദിഷ്ട പ്രതിഷേധ പ്രകടനത്തിന് അനുമതി നൽകിയില്ല,” ഡിസിപി പിആർഒ നേഹ യാദവ് പറഞ്ഞു.
ഡൽഹിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ഡൽഹിയിലെ പല പ്രദേശങ്ങളിലും സെക്ഷൻ 163 ബിഎൻഎസ്എസ് ഏർപ്പെടുത്തി. ഇതിന്റെ കീഴിൽ ഒരു ഒത്തുചേരലോ പ്രകടനമോ അനുവദിച്ചില്ല. അതിനാൽ, കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 10 ന് അഭിജീത് ദിപ്കെയെയും രണ്ട് കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തു, കാരണം ഈ പ്രകടനം അനുവദനീയമല്ലായിരുന്നു എന്നത് തന്നെ .” നേഹ യാദവ് പറഞ്ഞു.
















