ന്യൂദല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ സ്വന്തം മണ്ഡലങ്ങളില്‍ പദയാത്ര നടത്തണമെന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഒക്ടോബര്‍ രണ്ട് മുതല്‍ 31 വരെ 150 കിലോമീറ്റര്‍ ദൂരം യാത്ര നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ആദ്യ ആഭ്യന്തര മന്ത്രി സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 31. ബിജെപിക്ക് താരതമ്യേന സ്വാധീനം കുറവുള്ള മണ്ഡലങ്ങള്‍ നിരന്തരം സന്ദര്‍ശിക്കാന്‍ രാജ്യസഭാ എംപിമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി നിര്‍ദേശം നല്‍കി. ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനും സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഭാവി പരിപാടികളില്‍ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















