ന്യൂദല്‍ഹി: കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സഹായധനത്തെയും, സബ്‌സിഡിയെയും ആശ്രയിക്കുന്നത് നിര്‍ത്തണമെന്ന് കയറ്റുമതി വ്യവസായ പ്രതിനിധികളോട് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയവും വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലും ദല്‍ഹിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായത്തെ കൂടുതല്‍ മത്സരക്ഷമമാക്കാന്‍ സ്വാശ്രയശീലരാവണം. സബ്‌സിഡികള്‍ എടുത്തുകളഞ്ഞപ്പോള്‍ ബിസിനസ്സ് വളര്‍ന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എല്‍.ഇ.ഡി ബള്‍ബുകളെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ദ്ധിച്ച ഉല്‍പാദനത്തിന്റെ ഫലമായി എല്‍.ഇ.ഡി ബള്‍ബുകള്‍ താങ്ങാവുന്ന വിലയ്‌ക്ക് ഇന്ന് ലഭ്യമാണ്. ഉല്‍പാദനം വന്‍ തോതില്‍ ഉയര്‍ന്നാല്‍ ആഭ്യന്തര നിര്‍മ്മാണവും ബിസിനസ്സും കൂടുതല്‍ വളരുകയും അതുവഴി ഇറക്കുമതി നിര്‍ത്തലാക്കാനും ഗുണനിലവാരം ഉയര്‍ത്താനും കഴിയുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
















