ന്യൂദല്‍ഹി : രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതു ബജറ്റ് അവതരണത്തിന് ഒരു മാസം ബാക്കി നില്‍ക്കെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം എന്നോട് പങ്ക് വെയ്‌ക്കുക തന്റെ ടീം ഈ ആശയങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിക്കുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
ട്വിറ്ററിലൂടെയാണ് നിര്‍മ്മല സീതാരാമന്‍ ഈ വിവരം പങ്കുവച്ചത്. ”പണ്ഡിതന്മാരും, സാമ്പത്തിക വിദഗ്ധരും പത്രത്തിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവച്ച ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും നന്ദി പറയുന്നു. പലതും ഞാന്‍ വായിച്ചു. എന്റെ ടീം എനിക്ക് നല്‍കാനായി അവയെല്ലാം ക്രോഡീകരിക്കുന്നുണ്ട്. ഓരോ ചെറിയ വാക്കിനും വില നല്‍കുന്നുണ്ട്. ഇനിയും ഇത് തുടരുക” ഇതായിരുന്നു നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തത്. #Budget2019 എന്ന ഹാഷ്ടാഗും കേന്ദ്രമന്ത്രിയുടെ ട്വീറ്റിനൊപ്പമുണ്ട്. ഈ ഹാഷ്ടാഗിലാണ് ബജറ്റിനെക്കുറിച്ചുളള നിര്‍ദേശങ്ങളും ആശയങ്ങളും പങ്കുവയ്‌ക്കേണ്ടത്.
ജൂലൈ 5 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തില്‍ മന്ദഗതിയിലുളള സമ്പദ്വ്യവസ്ഥ, ധനകാര്യ രംഗത്തെ വെല്ലുവിളികള്‍, തൊഴിലില്ലായ്‌മ നിരക്ക് കുറയ്‌ക്കുക, പൊതുനിക്ഷേപം ഉയര്‍ത്തല്‍ എന്നിവയെക്കുറിച്ച് നിര്‍മ്മല സീതാരാമന്‍ സംസാരിച്ചേക്കും.
















