ജെയ്‌പ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്നം രൂക്ഷമായി തുടരുന്നു. അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആ പദവി സച്ചിന്‍ പൈലറ്റിന് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ പ്രിഥ്വിരാജ് മീണ രംഗത്ത്.
സംസ്ഥാനത്ത് അധികാരത്തിലേറി ആറുമാസത്തിനകം തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആയിരുന്നുവെന്നും ഗുജ്ജര്‍, ജാട്ട് സമുദായങ്ങള്‍ക്കിടയില്‍ അശോക് ഗെലോട്ടിന്റെ സ്വാധീനം നഷ്ടമായെന്നും മീണ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ മകന്‍ വൈഭവിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനാണെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനയിലും മീണ അതൃപ്തി അറിയിച്ചു.
ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോധ്പൂരില്‍ നിന്ന് മല്‍സരിച്ച് തോറ്റിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം പിസിസി പ്രസിഡന്റു കൂടിയായ സച്ചിന്‍ പൈലറ്റിനാണെന്നും ഈ ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുക്കണമെന്നും അശോക് ഗെഹ്ലോട്ട് പരസ്യമായി ആവശ്യപ്പെട്ടു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായിരുന്നു ജോധ്പൂര്‍. ഇവിടെ നിന്ന് അഞ്ചു തവണ അദ്ദേഹം ജയിച്ചിട്ടുമുണ്ട്. ആ മണ്ഡലം കൈവിട്ടുപോകാന്‍ കാരണം പിസിസി പ്രസിഡന്റിന്റെ അലംഭാവമാണെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. വലിയ ഭൂരിപക്ഷത്തിന് ജോധ്പൂരില്‍ ജയിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞിരുന്നതും. എന്നാല്‍ വന്‍ ഭൂരിപക്ഷത്തിലാണ് വൈഭവ് തോറ്റത്. അതിനാല്‍ ഉത്തരവാദിത്തം സച്ചിന്‍ ഏറ്റെടുക്കണം. എബിപി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ആറു മാസം മുന്‍പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. പക്ഷെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇവിടുത്തെ 25 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. ഇത് കോണ്‍ഗ്രസ്സിനും മുഖ്യമന്ത്രി ഗെഹ്ലോട്ടിനും വന്‍ നാണക്കേടുണ്ടാക്കി.
തോല്‍വിക്കു ശേഷം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ അധ്യക്ഷന്‍ രാഹുല്‍, സ്വന്തം മക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ പ്രയത്നിച്ച അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, പി. ചിദംബരം എന്നിവരെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇവര്‍ മക്കളുടെ പ്രചാരണത്തിനിറങ്ങിയതിനാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെന്നും അതിനാലാണ് വലിയ തോല്‍വിയുണ്ടായതെന്നും രാഹുല്‍ തുറന്നടിച്ചു. അതിനു ശേഷം ഒരക്ഷരം മിണ്ടാതിരുന്ന അശോക് ഗെഹ്ലോട്ട് ഇപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റില്‍ കെട്ടിവച്ചിരിക്കുകയാണ്.
ജോധപൂരില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്താണ് വൈഭവിനെ നാലു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്.
















