ന്യൂദല്‍ഹി: സുഷമ സ്വരാജിന്റെ പാതയിലാണ് താനും സഞ്ചരിക്കുകയെന്ന് പ്രസ്താവിച്ചതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററില്‍ സജീവമായി. സൗദി അറേബ്യയില്‍ കുടുങ്ങിയ കൊല്‍ക്കത്ത സ്വദേശിക്ക് സേവനമെത്തിച്ച റിയാദ് എംബസി ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും ട്വിറ്ററിലൂടെ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടിരുന്നു മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സുഷമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിന്റെ അനുഭവം തനിക്കു കരുത്താവുമെന്ന് ചുമതലയേറ്റ ശേഷം ജയശങ്കര്‍ പറഞ്ഞിരുന്നു. സുഷമ സ്വരാജിന്റെ കാലടികള്‍ പിന്തുടരുന്നതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ജയശങ്കറിന്റെ ആദ്യ ട്വീറ്റ്.
മണിക് സെന്‍ എന്ന കൊല്‍ക്കത്ത സ്വദേശി സൗദിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നറിഞ്ഞ് ഇന്ത്യന്‍ എംബസി അദ്ദേഹത്തിന് സേവനമെത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡോ. സുഹെല്‍ അജാസ് ഖാനെ ട്വിറ്ററിലൂടെ ജയശങ്കര്‍ അഭിനന്ദിച്ചു.
















