?ഒന്നാംഘട്ട പോളിങ് കഴിഞ്ഞിരിക്കുന്നു. ആര് അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കാന്‍ താല്‍പ്പര്യമുണ്ടോ
തീര്‍ച്ചയായും. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തും. എഴുപത് ശതമാനവും സാധ്യത അവര്‍ക്കാണ്.
?ബിജെപിക്കു സാധ്യത കല്പ്പിക്കുമ്പോള് അവരുടെ ശക്തി എന്താണെന്നുകൂടി വിശദീകരിക്കാമോ
നരേന്ദ്ര മോദി തന്നെ. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് അദ്ദേഹമാണ്. ബിജെപിക്കുള്ളതിനേക്കാള്‍ ജനപ്രീതി മോദിക്കുണ്ടെന്നു തോന്നുന്നു. തെരഞ്ഞെടുപ്പു ഫലത്തെ ഏറ്റവും അധികം സ്വാധീനിച്ചേക്കാവുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ മോദി വളരെ സ്വീകാര്യനാണ് എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ദേശീയതയെക്കുറിച്ചുള്ള ബിജെപിയുടെ നയങ്ങള്‍ ആത്മാര്‍ഥമാണെന്ന് കരുതണം. ബലാക്കോട്ട് തിരിച്ചടിയിലും ഉറിക്കു ശേഷമുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിലും അവര്‍ അതു തെളിയിച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ, അവരുടെ കാലത്തെ ഭീകരാക്രമണങ്ങള്ക്കൊന്നും മറുപടിയുണ്ടായില്ല. അതുകൊണ്ടു തന്നെ ബിജെപിയുടെ ദേശീയത കൂടുതല്‍ വിശ്വസനീയമാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിലും അവര്‍ മുന്നിലാണ്. അവരുടെ കേഡര്‍ സംവിധാനവും ഏറെ ശക്തമാണ്.
അഴിമതിവിരുദ്ധ നിലപാടിന്റെ കാര്യത്തിലും ബിജെപിയാണ് ഭേദം. ശുചിത്വം, എല്ലാവര്ക്കും പാചകവാതകം, വൈദ്യുതി, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ എന്നിവയിലെല്ലാം മോദി സര്‍ക്കാരിന്റേത് ആത്മാര്‍ഥമായ ശ്രമങ്ങളാണ്. ഇതിലും പ്രധാന കാര്യമായി ഞാന്‍ കാണുന്നത് കുറഞ്ഞ പണപ്പെരുപ്പമാണ്. ഇപ്പോള്‍ പണപ്പെരുപ്പം നാലു ശതമാനത്തിനു താഴെയാണ്. അതായത് വിലക്കയറ്റം മികച്ച തരത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നര്‍ഥം. ഇത് ചരിത്രപരമായ നേട്ടമാണ്.
?യുപിഎയുടെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു
മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പറയുമ്പോഴും ചില മേഖലകളില്‍ ഭരണ വിരുദ്ധ വികാരമുണ്ടെന്നു ഞാന്‍ സംശയിക്കുന്നു. പക്ഷേ അധികാരത്തിലേക്ക് യുപിഎ എത്തണമെങ്കില്‍ തൂക്കുസഭയുടെ സാഹചര്യമുണ്ടാവണം. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സാധ്യതയില്ല. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പലരും സംശയമുന്നയിക്കുന്നു. ചരിത്രപരമായി കോണ്‍ഗ്രസ്സിനുണ്ടായിരുന്ന ഒരു മുന്‍തൂക്കം അവസാനിച്ചുകൊണ്ടിരിക്കുന്നത് അവരെ ബാധിക്കും. മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങളില്‍ നിന്ന് വന്‍തോതിലാണ് അവര്‍ക്കു വോട്ടു കിട്ടിക്കൊണ്ടിരുന്നത്. അത് അവസാനിച്ചിരിക്കുന്നു.
?രാഹുല്‍ ഗാന്ധിയെ എങ്ങനെ വിലയിരുത്തുന്നു? 2014-ല്‍ നിന്ന് രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രാഹുല്‍ എത്രമാത്രം വളര്‍ന്നിട്ടുണ്ട്
കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം രാഹുലാണെന്നു ഞാന്‍ പറയും. നെഹ്റു, ഇന്ദിര, രാജീവ്, സോണിയ തുടങ്ങിയ നേതാക്കളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മികച്ചവരായിരുന്നു. എന്നാല്‍ രാഹുലിനെ സംബന്ധിച്ച് അയാള്‍ കോണ്‍ഗ്രസ്സിന്റെ ശക്തിയല്ല, ബാധ്യതയാണ്. മോദി ജനങ്ങളുമായി നന്നായി ആശയവിനിമയം നടത്തുന്നു. ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കാന്‍ മോദിക്കു കഴിവുണ്ട്. മോദി സ്വാഭാവികമായി മുന്നേറിവന്ന നേതാവാണ്. എന്നാല്‍ രാഹുല്‍ നേതാവാക്കപ്പെട്ട വ്യക്തിയാണ്.
(കടപ്പാട്: എക്കണോമിക്സ് ടൈംസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: