ന്യൂദല്‍ഹി: രാജ്യത്തിന്റെ സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചുവെന്ന വാര്‍ത്തയും പൊളിയുന്നു. ഇത്തരമൊരു കത്ത് തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്ന് മുന്‍ ആര്‍മി ചീഫ് ജനറല്‍ എസ്.ജി റോഡ്രിഗസും മുന്‍ എയര്‍ഫോഴ്സ് ചീഫ് എന്‍.സി സുരിയും അറിയിച്ചു.
ഇത്തരമൊരു കത്തില്‍ തങ്ങള്‍ ഒപ്പുവെച്ചിട്ടില്ലെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നും ഇരുവരും അറിയിച്ചു. അഡ്മിറല്‍ രാംദാസ് അയച്ച കത്തല്ല. ഇത് മേജര്‍ ചൗധരിയെന്ന പേരില്‍ തയ്യാറാക്കിയ കത്താണ്. വാട്സ് ആപ്പിലും മെയിലിലും ഈ കത്ത് ലഭിച്ചിരുന്നുവെന്ന് എയര്‍ഫോഴ്സ് ചീഫ് എന്‍.സി സുരി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ കത്ത് എന്റെ സമ്മതത്തോടെ എഴുതിയതല്ല. അതില്‍ എഴുതിയിരിക്കുന്ന കാര്യത്തോട് യോജിപ്പുമില്ല. ഞങ്ങളുടേതാണെന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാര്‍ത്തയാണ് ഇതെന്ന് ജനറല്‍ എസ്.എഫ് റോഡ്രിഗോസ് പ്രതികരിച്ചു. 42 വര്‍ഷത്തിനിടെയുള്ള സൈനിക ജീവിതത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവം കാണിച്ചില്ല. രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്തയച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എട്ടു മുന്‍ സൈനിക മേധാവികളടക്കം വിരമിച്ച 156 സൈനിക ഉദ്യോഗസ്ഥരാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നത്. അതേസമയം, കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. മുന്‍ കരസേനാ മേധാവിമാരായിരുന്ന ജനറല്‍(റിട്ട) എസ്.എഫ്. റോഡ്രിഗസ്, ജനറല്‍(റിട്ട) ശങ്കര്‍ റോയ് ചൗധരി, ജനറല്‍(റിട്ട) ദീപക് കപൂര്‍, മുന്‍ വ്യോമസേനാ മേധാവി എന്‍.സി. സൂരി, നാല് നാവിക സേനാ മേധാവിമാര്‍ തുടങ്ങിയവരുടെ ഒപ്പായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: