ഹൈദരാബാദ്: പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കാന്‍ പേസര്‍ ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് നിരാശരായി. കാരണം ടീമിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് മലിംഗ.
മലിംഗ മടങ്ങിയതോടെ വിന്‍ഡീസിന്റെ യുവതാരമായ പേസര്‍ അല്‍സാരി ജോസഫിന് മുംബൈ ഇന്ത്യന്‍സ് അവസരം നല്‍കി. ഐപിഎല്ലിലെ അരങ്ങേറ്റത്തില്‍ തന്നെ ഈ ഇരുപത്തിരണ്ടുകാരന്‍ പുത്തന്‍ റെക്കോഡും കുറിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ പന്ത്രണ്ട് റണ്‍സിന് ആറു വിക്കറ്റുകള്‍ കൊയ്‌തെടുത്താണ് ഈ യുവതാരം ചരിത്രമെഴുതിയത്. ആറു വര്‍ഷം മുമ്പ് സോഹയ്ല്‍ തന്‍വീര്‍ കുറിച്ചിട്ട പതിനാല് റണ്‍സിന് ആറു വിക്കറ്റുകളെന്ന റെക്കോഡാണ് അല്‍സാരി ജോസഫ് മായ്ച്ചുകളഞ്ഞത്.
അല്‍സാരിയുടെ തീപാറും ബൗളിങ്ങില്‍ മുംബൈ ഇന്ത്യന്‍സ് മിന്നും വിജയം നേടി. സണ്‍റൈസേഴ്‌സിനെ അവര്‍ നാല്‍പ്പത് റണ്‍സിന് തോല്‍പ്പിച്ചു. 137 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 17.4 ഓവറില്‍ 96 റണ്‍സിന് ആയുധംവച്ച് കീഴടങ്ങി.
2016 ലെ അണ്ടര്‍-19 ലോകകപ്പിലാണ് അല്‍സാരി ജോസഫ് രാജ്യാന്തര രംഗത്തേുള്ള തന്റെ വരവ് അറിയിച്ചത്. ഈ ലോകകപ്പില്‍ 13 വിക്കറ്റുകള്‍ വീഴ്‌ത്തിയ അല്‍സാരി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ താരമായി. സിംബാബ്‌വെ ക്കെതിരായ മത്സരത്തില്‍ അല്‍സാരി 143 കിലോമീറ്റര്‍ വേഗതയില്‍ അന്ന് പന്തെറിഞ്ഞു.
2014ലാണ് ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് വിന്‍ഡ്‌വാര്‍ഡ് ഐലന്‍ഡിനെതിരായ മത്സരത്തില്‍ ഏഴു വിക്കറ്റുകള്‍ വീഴ്‌ത്തി. 2016 ല്‍ പത്തൊമ്പത് വയസുള്ളപ്പോള്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനായില്ല. എന്നാല്‍ 2017 ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ 56 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
ഐപിഎല്ലിലെ സ്വപ്്‌നതുല്ല്യമായ തുടക്കം എന്നും മനസില്‍ നിറഞ്ഞുനില്‍ക്കും. അവിശ്വസനീയമായിരുന്നു ആ പ്രകടനമെന്ന് മത്സരശേഷം അല്‍സാരി ജോസഫ് പറഞ്ഞു.
അപകടകാരിയായ ഡേവിഡ് വാര്‍ണര്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ , സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് അല്‍സാരിക്ക് മുന്നില്‍ ബാറ്റ് താഴ്‌ത്തി കളിക്കളം വിട്ടത്.
ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മൈക്കിള്‍ വോഗന്‍, മനോജ് തിവാരി തുടങ്ങിയവര്‍ അല്‍സാരിയെ അഭിനന്ദിച്ചു.
















