പൂനെ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് 2026ലെ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മാനിച്ചു. ലോകമാന്യ ബാലഗംഗാധര തിലകിന്റെ 106-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരദാനം.
ചടങ്ങില്‍ സംസാരിച്ച അമിത് ഷാ, ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയുടെ ചരിത്രം എഴുതുമ്പോള്‍ അജിത് ഡോവലിനായി ഒരു ”സുവര്‍ണ താള്‍” മാറ്റിവെക്കേണ്ടിവരുമെന്നത് സംശയാതീതമാണെന്ന് പറഞ്ഞു. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ വിദേശനയത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിലും ഡോവലിന്റെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതാണ് ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്നെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് എടുക്കുന്ന ഓരോ സുപ്രധാന തീരുമാനത്തിന്റെയും പിന്നില്‍ ഡോവലിന്റെ നിര്‍ണായക ഉപദേശവും പങ്കാളിത്തവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെ അനുഭവവും ഷാ പങ്കുവെച്ചു. അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ബോംബ് സ്ഫോടനക്കേസുകളുടെ അന്വേഷണത്തില്‍ അജിത് ഡോവല്‍ നല്‍കിയ തന്ത്രപരമായ വിശകലനങ്ങളും നിര്‍ദേശങ്ങളും അന്വേഷണത്തെ വിജയത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അന്നത്തെ അന്വേഷണത്തില്‍ നിരവധി കേസുകള്‍ തെളിയിക്കാന്‍ ഡോവലിന്റെ ഇടപെടല്‍ സഹായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുരസ്‌കാരം ഏറ്റുവാങ്ങിയ അജിത് ഡോവല്‍, രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്തു. ലോകമാന്യ തിലകിന്റെ ജീവിതവും സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും യുവതലമുറ ആഴത്തില്‍ മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
















