കോഴിക്കോട്: മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്. തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ്. സിപിഎമ്മിനെതിരേയും ദേശാഭിമാനിക്കെതിരെയും നിയമപരമായി മുന്നോട്ട് പോകുമെന്നും രാഘവന് പറഞ്ഞു.
തന്റെ ശബ്ദം ഡബ് ചെയ്തു ഉപയോഗിക്കുകയായിരുന്നു. തനിക്കെതിരായി വ്യക്തിഹത്യ നടത്തുകയാണ്. ഇതുകൊണ്ടൊന്നും തന്നെ നിശബ്ദനാക്കാനാവില്ലെന്നും രാഘവന് പറഞ്ഞു.
കോഴിക്കോട്ടെ സിപിഎം നേതൃത്വവും, ചില മാഫിയ സംഘങ്ങളുമാണ് ദേശീയ ചാനല്‍ എന്ന പേരിലെത്തിയ സംഘത്തിന് പിന്നില്‍. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമയമാകുമ്പോള്‍ വെളിപ്പെടുത്തും. തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. തനിക്ക് ആത്മഹത്യ ചെയ്യാന്‍ ആവില്ലെന്നും രാഷ്ട്രീയ ജീവിതത്തില്‍ ഇതിലും വലിയ അപമാനം നേരിടാന്‍ ഇല്ലെന്നും രാഘവന് പറഞ്ഞു.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് രാഘവന് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരു മനുഷ്യനെതിരെ എന്ത് നീചപ്രവര്‍ത്തിയും സിപിഎം ചെയ്യുമെന്ന് സിദ്ദിഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: