തിരുവനന്തപുരം: മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍. കാര്യവട്ടം പേരൂരില്‍ ആണ് സംഭവം.
ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെ(50)യാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തത്.എസി ഇട്ട് ഉറങ്ങിയപ്പോള്‍ വിഷവാതകമോ മറ്റോ ശ്വസിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. വാഹനം പാര്‍ക്ക് ചെയ്തിരുന്ന ഗ്രൗണ്ട് കുട്ടികള്‍ സ്ഥിരമായി കളിക്കുന്ന സ്ഥലമാണ്.കളിക്കാന്‍ എത്തിയ കുട്ടികളാണ് വാഹനത്തിനുള്ളില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടത്.കഴിഞ്ഞ ദിവസവും രാജീവ് ഇവിടെ ഉണ്ടായിരുന്നതായും തങ്ങളുമായി സംസാരിച്ചതായും കുട്ടികള്‍ പറഞ്ഞു.ഇന്നലെ കളി കഴിഞ്ഞ് വീട്ടിലേക്ക് പോയ കുട്ടികള്‍ ഇന്ന് വൈകിട്ട് കളിക്കാന്‍ എത്തിയപ്പോഴും ഇന്നലെ കണ്ട വാഹനം അതേപോലെ കിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
















