കാലഹന്ദി (ഒഡീഷ): തെരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസ് പാവങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പത്തൊന്നു വര്‍ഷം ഈ രാജ്യം ഭരിച്ചിട്ട് ഇപ്പോഴാണ് കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പ്രഖ്യാപിച്ച മിനിമം ഗാരന്റി പദ്ധതിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതും എന്നു പറഞ്ഞ് ചിലര്‍ ചിലതു പ്രഖ്യാപിക്കുന്നു. പാവപ്പെട്ടവര്‍ എന്നു പ്രതിപക്ഷം മന്ത്രിക്കുന്നത് തെരഞ്ഞെടുപ്പു കാലത്താണ്, പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ കാലഹന്ദിയില്‍ സംഘടിപ്പിച്ച വിജയ് സങ്കല്പ സമാവേശിനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഒഡീഷയിലെ ഈ നഗരത്തില്‍ വച്ച് മുമ്പ് മുന്‍ പ്രധാനമന്ത്രി രാജീവ് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? ദല്‍ഹിയില്‍ നിന്ന് പാവപ്പെട്ടവര്‍ക്കായി താന്‍ ഒരു രൂപ അയച്ചാല്‍ അതില്‍ പതിനഞ്ചു പൈസ മാത്രമാണ് പാവപ്പെട്ടവരില്‍ എത്തുന്നതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്ക് ലഭിച്ച സഹായത്തെക്കുറിച്ച് അവരുടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍തന്നെ തെളിവല്ലേ? മോദി ചോദിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടെ കോണ്‍ഗ്രസ് എന്തു ചെയ്തു? ഒഡീഷയ്ക്ക് ഒറ്റപ്പൈസ നല്‍കാത്ത ഇവരെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
പാവങ്ങള്‍ക്ക് ഒരു രൂപ മാറ്റിവച്ചാല്‍ അത് മുഴുവന്‍, കൃത്യമായി അവരില്‍ എത്തണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ അതു സംഭവിച്ചു എന്ന് നിങ്ങള്‍ക്കു മനസ്സിലാവും. അമ്പതു വര്‍ഷം കോണ്‍ഗ്രസിനു കഴിയാത്തത് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എന്‍ഡിഎയ്ക്കു കഴിഞ്ഞു. പാവപ്പെട്ടവര്‍ക്കായി ചെലവഴിക്കുന്ന പണം മറ്റാരുടെയും പോക്കറ്റുകളിലേക്ക് ചോരുന്നില്ല എന്നു എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് മോദി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി ഏറ്റെടുക്കുകയായിരുന്നു ബിജു ജനതാദള്‍ സര്‍ക്കാര്‍ എന്നു കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി ഖനി മാഫിയയുടെ അഴിമതിയടക്കമുള്ളവ അക്കമിട്ടു നിരത്തി. പ്രധാന്‍മന്ത്രി കിസാന്‍ നിധി നടപ്പാക്കാതെ ബിജെഡി സര്‍ക്കാര്‍ ഒഡീഷയിലെ കൃഷിക്കാരെ വഞ്ചിച്ചെന്ന് മോദി കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കുള്ള സഹായം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. രാജ്യത്തെ പന്ത്രണ്ടു കോടി കര്‍ഷകര്‍ക്ക് ഈ സഹായം കിട്ടുന്നു. എന്നാല്‍, ഒഡീഷയിലെ കര്‍ഷകര്‍ക്കും ഈ സഹായത്തിനുമിടയില് ബിജെഡി സര്‍ക്കാര്‍ തടസ്സമായി.
കോണ്‍ഗ്രസിനും ബിജെഡിക്കുമൊക്കെ കര്‍ഷകര്‍ എന്നാല്‍ വോട്ടുബാങ്കു മാത്രമാണ്. ഒഡീഷയില്‍ നിന്ന് നിരവധി പേര് തൊഴില്‍ അന്വേഷിച്ച് സംസ്ഥാനം വിട്ടു പോകുന്നു. ആശുപത്രിയില്‍ നിന്ന് ഒരു ആംബുലന്‍സ് വിളിക്കാന്‍ പോലും കഴിയാതെ ഈ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ ദുരിതത്തില്‍ കഴിയുന്നു, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: