പട്ന: ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ബീഹാറില്‍ മഹാസഖ്യം രൂപീകരിച്ച ആര്‍ജെഡിക്കും ലാലു പ്രസാദ് യാദവിനും തിരിച്ചടിയായി കുടുംബത്തിലെ കലഹം. തന്നെ ഒതുക്കുന്നതില്‍ പ്രതിഷേധിച്ച് ലാലുവിന്റെ ഇളയ മകന് തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടിയുണ്ടാക്കി.
ലാലു രാബ്റി മോര്‍ച്ച രൂപീകരിച്ച തേജ് പ്രതാപ് തന്റെ ഭാര്യാ പിതാവും ആജെഡി സ്ഥാനാര്‍ഥിയുമായ ചന്ദ്രികാ റായിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 20 മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും തേജ് സൂചിപ്പിച്ചു. തേജിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും വലിയ ഭീഷണിയാണ്.
ലാലുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തേജ് പ്രതാപ്, ആര്‍ജെഡി നേതാവു കൂടിയായ റായിയുടെ മകള്‍ ഐശ്വര്യയെ വിവാഹം കഴിച്ചത്. പക്ഷെ വിവാഹബന്ധം മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ഇപ്പോള്‍ വിവാഹ മോചനക്കേസ് നടന്നുവരികയാണ്. അതിനിടയിലാണ് ലാലുവും മൂത്ത മകന് തേജസ്വിയും ചേര്‍ന്ന് റായിയെ സരണ്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ലാലുവും തേജും സഹോദരന് തേജസ്വിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.
സരണ്‍ മണ്ഡലം എന്റെ അച്ഛന്റെ സീറ്റാണ്. അമ്മയും അവിടെ മത്സരിച്ചിട്ടുണ്ട്. അത് രാഹുല്‍ ഗാന്ധിക്ക് റായ്ബറേലി പോലെ ഞങ്ങളുടെ കുടുംബ സീറ്റാണ്. അതിനാല്‍ അമ്മ (രാബ്റി) അവിടെ നിന്ന് മത്സരിക്കണം. അല്ലെങ്കില്‍ ലാലു രാബ്റി മോര്‍ച്ചയുടെ പേരില്‍ ഞാന്‍ അവിടെ മല്‍സരിക്കും. തേജ് പ്രതാപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹാജിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും തേജ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചപ്പോള്‍ തന്റെയാള്‍ക്കാരെ തഴഞ്ഞുവെന്നാണ് തേജ് പ്രതാപിന്റെ ആരോപണം. തേജ് പ്രതാപും തേജസ്വിയും തമ്മിലുള്ള ഭിന്നത പാര്‍ട്ടിക്കു തന്നെ ഭീഷണിയാകുന്ന തരത്തില്‍ വളരുന്നു കഴിഞ്ഞുവെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: