ന്യൂദല്‍ഹി: രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന നിരവധി പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനികാവകാശ നിയമമായ അഫ്സ്പ ഭേദഗതി ചെയ്യുമെന്നും ദേശീയ സുരക്ഷാ കൗണ്‍സിലിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പാര്‍ലമെന്റ് സമിതികളുടെ കീഴിലാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.
രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലെ 124 എ സെക്ഷന്‍ പൂര്‍ണമായും റദ്ദാക്കാനുള്ള പ്രകടന പത്രികയിലെ വാഗ്ദാനം ഭീകരരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് വ്യക്തം. ഇതിന് പുറമേ കശ്മീര്‍ താഴ്വരയിലെ സായുധ സൈനിക സാന്നിധ്യം കുറയ്ക്കുമെന്നും ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ ജാമ്യവ്യവസ്ഥകള്‍ ലളിതമാക്കി ഭേദഗതി ചെയ്യുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
സിപിസി ഭേദഗതി ഭീകരക്കേസുകളിലെ പ്രതികള്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങാനുള്ള വഴിതുറക്കലാണ്. വിചാരണത്തടവുകാര്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വിചാരണകള്‍ അനന്തമായി നീളുന്ന ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് സഹായകരമാകും. വിചാരണ കൂടാതെ പ്രതികളെ തടവില്‍ പാര്‍പ്പിക്കാനുള്ള നിയമ വ്യവസ്ഥകളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്കുന്നു.
ദേശീയ സുരക്ഷാ കൗണ്‍സിലിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പാര്‍ലമെന്റിന് കീഴിലാക്കുന്ന പ്രഖ്യാപനം രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന വിലയിരുത്തലുകള്‍ രാജ്യരക്ഷാ വിദഗ്ധരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. ഐബി, റോ എന്നീ സുരക്ഷാ ഏജന്‍സികളെയും പാര്‍ലമെന്റിന് കീഴിലാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതായി പ്രകടന പത്രികയിലുണ്ട്. പ്രധാനമന്ത്രിയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെ പാര്‍ലമെന്റ് സമിതികളുടെ കീഴിലേക്ക് എത്തിക്കുക വഴി രാജ്യത്തിന്റെ ആഭ്യന്തര-ബാഹ്യ സുരക്ഷാ സംവിധാനങ്ങളെ അപ്പാടെ അപകടത്തിലേക്ക് കോണ്‍ഗ്രസ് തള്ളി വിടുകയാണ്.
ലോക്സഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഭരണ സംവിധാനങ്ങള്‍ നിലവില്‍ വരികയാണെങ്കില്‍ സുരക്ഷാ കൗണ്‍സിലിനെ നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ പേര് മാത്രമുള്ള ചെറു പാര്‍ട്ടികള്‍ക്ക് പോലും സാധിക്കുന്ന അപകടകരമായ സാഹചര്യം സംജാതമാകും. റഫാല്‍ കരാറില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന പ്രകടന പത്രികയിലെ പ്രഖ്യാപനം യുദ്ധവിമാനങ്ങളുടെ ദൗര്‍ലഭ്യം മൂലം ബുദ്ധിമുട്ടുന്ന വ്യോമസേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ ലഭിക്കാനുള്ള വഴി എന്നെന്നേക്കുമായി അടയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ആറു പതിറ്റാണ്ട് രാജ്യം ഭരിച്ചിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പതിവ് പ്രഖ്യാപനങ്ങളും കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയില്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: