ജമ്മു: നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ. പാക് സൈന്യത്തിന്റെ ഏഴ് പോസ്റ്റുകള്‍ ആണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അതിര്‍ത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക്സൈന്യം ആക്രമണം നടത്തിയത്. പാക് സൈന്യത്തിലെ നിരവധി പേര്‍ക്കും പരുക്കേറ്റതായും മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാന് ഷെല്ലാക്രമണത്തില്‍ തിങ്കളാഴ്ച അഞ്ച് വയസുള്ള പെണ്‍കുട്ടിയും ബിഎസ്എഫ് ഇന്‍സ്പെക്ടറും ഉള്‍പ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ നടപടിയെന്ന് ഇന്ത്യന്‍ സൈന്യം സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പാക് ഷെല്ലാക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിക്ക് സമീപം പൂഞ്ച്, രജൗറി ജില്ലകളിലുള്ള എല്ലാ സ്കൂളുകളും അടച്ചു. ഇന്ത്യന്‍ ഗ്രാമങ്ങള്‍ അടക്കമുളളവ ലക്ഷ്യമാക്കിയാണ് പാക് സൈന്യം തിങ്കളാഴ്ച ശക്തമായ ഷെല്ലാക്രമണം നടത്തിയത്. ജനങ്ങളെ ഭയപ്പെടുത്തുന്നതിനായി നിയന്ത്രണ രേഖയിലെ ജനവാസ മേഖലകളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: