ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനു കനത്ത തിരിച്ചടി നല്കി നിഷാദ് പാര്‍ട്ടിയുടെ പിന്തുണ ബിജെപിക്ക്. ബിഎസ്പി-എസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനൊപ്പമായിരുന്ന നിഷാദ് പാര്‍ട്ടി കഴിഞ്ഞ ദിവസം സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചു. കിഴക്കന്‍ യുപിയില്‍ വലിയ സ്വാധീനമുള്ള കക്ഷിയാണ് നിഷാദ് പാര്‍ട്ടി.
നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദും മകന് പ്രവീണും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. ഇരുവരും ഉടന്‍ ദല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സഖ്യ സ്ഥാനാര്‍ഥിയായി വിജയിച്ചത് പ്രവീണ്‍ നിഷാദ് ആയിരുന്നു. അന്ന് ബിഎസ്പി ചിഹ്നത്തിലാണ് പ്രവീണ്‍ മത്സരിച്ചത്. ഇത്തവണയും മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിക്കു പക്ഷേ, മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിരാശയായിരുന്നു ഫലം. ഗോരഖ്പൂരില്‍ രാം ഭുവല്‍ നിഷാദിനെ സ്ഥാനാര്‍ഥിയായി എസ്പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
സീറ്റു നല്കാതിരുന്നതു മാത്രമല്ല മഹാസഖ്യത്തിന്റെ നയപരിപാടികളിലും നിഷാദ് പാര്‍ട്ടിക്കു പരിഗണന ലഭിച്ചില്ലെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. പരിപൂര്‍ണ അവഗണന നേരിട്ടതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടെന്നും സഞ്ജയ് പറഞ്ഞു. പ്രവീണ്‍ നിഷാദിനു ഗോരഖ്പൂര്‍ തന്നെ നല്കാന് ബിജെപി തീരുമാനിച്ചേക്കും. മഹാരാജ്ഗഞ്ച്, മാവു എന്നീ സീറ്റുകളില്‍ ഏതെങ്കിലും ഒന്നു കൂടി നിഷാദ് പാര്‍ട്ടിക്കു നല്‍കിയേക്കും.
മഹാസഖ്യം ഗ്രൂപ്പ് ഫോട്ടോയ്ക്കുള്ള കൂട്ടായ്മ മാത്രം: അമര്‍സിങ്
ന്യൂദല്‍ഹി: ബിജെപിക്കെതിരായ ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. നരേന്ദ്ര മോദിയെ അധിക്ഷേപിക്കാനും ഒന്നിച്ചു നിന്നു ഗ്രൂപ്പ് ഫോട്ടോയെടുക്കാനുമുള്ള കൂട്ടമാണ് ഇപ്പോള്‍ കാണുന്ന എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടെന്ന് അമര്‍ സിങ് പറഞ്ഞു.
യഥാര്‍ഥത്തില്‍ ഉയര്‍ന്നു വരേണ്ട സഖ്യത്തെ അപമാനിക്കലാണ് ഈ കൂട്ടായ്മ. മഹാസഖ്യമെന്നു കുറച്ചുനാള്‍ മുമ്പു വരെ എല്ലാവരും പറഞ്ഞു. ഇപ്പോള്‍ മമത ബാനര്‍ജി എവിടെയാണ്, ഇടതുപക്ഷം എവിടെയാണ്? കോണ്‍ഗ്രസിന് മമതയും ബിജെപിയും ഒരുപോലെയാണെങ്കില്‍ ആര്‍ക്കൊപ്പമാണ് സഖ്യം, അമര്‍സിങ് ചോദിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കിങ് മേക്കറാവുമെന്നു പറയുന്നു അമര്‍സിങ്. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് ഏഴു സീറ്റുകളില്‍ കൂടുതല്‍ നേടാന്‍ കഴിയുമെന്നു കരുതുന്നില്ല.
ഈ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്കുള്ള പങ്ക് എന്താണെന്നു ചോദിച്ചപ്പോള്‍, ആ പാര്‍ട്ടി ചിന്നിച്ചിതറിക്കഴിഞ്ഞെന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: