ചെന്നൈ: അനായാസ വിജയത്തിന്റെ പ്രതീക്ഷ മങ്ങിയ തമിഴ്നാട്ടിലെ ഡിഎംകെ മുന്നണി പ്രചാരണ രംഗത്ത് കോടികള്‍ ഒഴുക്കുന്നു. പാര്‍ട്ടിയുടെ ട്രഷറുടെ മകന്റെ വീട്ടില്‍ നിന്നു തന്നെ അധികൃതമായി സൂക്ഷിച്ച പത്തു ലക്ഷത്തിന്റെ കറന്‍സി ആദായനികുതി വകുപ്പു പിടിച്ചെടുത്തതിനു പിന്നാലെ പണമൊഴുക്കി വിജയം നേടാന്‍ ഡിഎംകെ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി.
ഡിഎംകെ ട്രഷറര്‍ എസ്. ദുരൈമുരുകന്റെ മകന് കതിര് ആനന്ദിന്റെ പക്കല്‍ നിന്നാണ് പത്തു ലക്ഷം രൂപ പിടിച്ചത്. വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ആദ്യമയി മത്സരിക്കാന്‍ ഒരുങ്ങുകയാണ് കതിര്.
ഡിഎംകെയുടെ മറ്റ് അനവധി നേതാക്കള്‍ ഇത്തവണ പണം വാരിയെറിഞ്ഞ് പ്രചരണത്തിനു തുടക്കമിട്ടതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. മുന്‍ കേന്ദ്രമന്ത്രിയും അരക്കോണത്തെ ഡിഎംകെ സ്ഥാനാര്‍ഥിയുമായ ജഗത്രക്ഷകന്, മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നത് ഒരു കോടി രൂപയും വിദേശയാത്രയും. ഏത് നിയമസഭാ മണ്ഡലത്തില്‍ നിന്നാണോ തനിക്ക് കൂടുതല്‍ വോട്ടു കിട്ടുന്നത് ആ മണ്ഡലത്തിന്റെ ഇന്‍ ചാര്‍ജിനുള്ള സമ്മാനമാണിത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെയും നിരവധി വിദ്യാഭ്യാസ സ്ഥാപാനങ്ങളുടെയും ഉടമയായ ജഗത്രക്ഷകനെ ഡിഎംകെയുടെ കോടീശ്വരന് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇത്രയധികം പണമെറിഞ്ഞ് പ്രചാരണം നടത്തുന്നത് ശരിയോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഡിഎംകെ നേതാക്കള്‍ ഇതിനെ ന്യായീകരിച്ചു. ജഗത്രക്ഷകന് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. കൂടുതല്‍ മാര്‍ക്കു നേടുന്ന വിദ്യാര്‍ഥിക്ക് സമ്മാനങ്ങള്‍ നല്കുന്നതു പോലെ ഇതിനെ കണ്ടാല്‍ മതിയെന്ന് ഡിഎംകെ ട്രഷറര്‍ ദുരൈമുരുകന് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് കതിര് ആനന്ദിന്റെ വീട്ടില്‍ നിന്ന് പത്തു ലക്ഷം പിടിച്ചത്. ദുരൈമുരുകനും മോശമല്ല. മകന് മത്സരിക്കുന്ന വെല്ലൂരില്‍ ഏറ്റവും കൂടുതല്‍ വോട്ടു സമാഹരിക്കുന്ന നിയമസഭാ മണ്ഡലം ഇന്‍ചാര്‍ജിന് അമ്പതു ലക്ഷമാണ് വാഗ്ദാനം. ഈ ഓഫര്‍ മുന്നോട്ടുവച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ല ഉണര്വുണ്ടെന്നും ദുരൈമുരുകന് പറയുന്നു.
ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറുടെ ആവശ്യപ്രകാരമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ കതിര് ആനന്ദിന്റെ വീട് റെയ്ഡ് ചെയ്തത്. നാമനിര്ദേശികപത്രികാ സമര്‍പ്പണത്തിനൊപ്പം നല്കിയ സ്വത്തു വിവരത്തില്‍ തന്റെ കൈവശം ഒന്‍പതു ലക്ഷം രൂപയുടെ കറന്‍സിയുണ്ട് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ വീട്ടില്‍ നിന്ന് പത്തൊമ്പതു ലക്ഷം രൂപ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: