ന്യൂദല്‍ഹി: രാഹുല്‍ അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നിട്ടും അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാനിറങ്ങുമ്പോള്‍ പരാജയപ്പെടുമോ എന്ന ഭീതിയാണ് രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം തേടുന്നതിന് കാരണമെന്ന ബിജെപി ആരോപിച്ചിരുന്നു . ഈ ആരോപണം ശരിവെക്കുന്നതായിരുന്നു വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങള്‍ പരിഗണിച്ചിരുന്നെങ്കിലും വിജയസാധ്യത കുറവാണെന്ന റിപ്പോര്‍ട്ടുള്ളതിനാലാണ് വയനാട് പോലെ കോണ്‍ഗ്രസിന് വിജയ സാധ്യത ഏറെയുള്ള മണ്ഡലത്തിലേക്ക് രാഹുല്‍ കളം മാറ്റിയത്. പരാജയം ഭയന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്നും വയനാട്ടില്‍ അഭയാര്ത്ഥിയായണ് രാഹുല്‍ എത്തിയതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചു.
പാകിസ്ഥാന് ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. നിരപരാധിയായ അസിമാനന്ദിനെ ജയിലില്‍ അടച്ച് ഹിന്ദുക്കള്‍ക്ക് ഭീകര ബന്ധം പതിച്ചു കൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വളരെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഇന്നാണ് കോണ്‍ഗ്രസ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടില്‍ പ്രഖ്യാപിച്ചത്. നേരത്തെ ടി.സിദ്ദിഖ് ആയിരുന്നു വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ അമേഠിയില്‍ സ്മൃതി ഇറാനി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് രാഹുലിന് സുരക്ഷിത മണ്ഡലമായ വയനാട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് രാഹുല്‍ കേരളത്തില്‍ ബന്ധപ്പെടുകയും സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെടാന്‍ നിര്ദ്ദേശിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കേരളത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു .
കോണ്‍ഗ്രസ്സ് മുങ്ങുന്ന കപ്പലാണെന്നും അതിന്റെ കപ്പിത്താനാണ് രാഹുലെന്നും രവിശങ്കര്‍പ്രസാദ് പരിഹസിച്ചു. അമേഠിയടക്കം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലങ്ങളെല്ലാം മാറിചിന്തിച്ചുതുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: