ജയ്‌പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അതിവേഗം നാലായിരം റണ്‍സ് നേടുന്ന ബാറ്റസ്മാനെന്നെ ബഹുമതി വിന്‍ഡീസിന്റെ ക്രിസ് ഗെയിലിന് സ്വന്തമായി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആറു റണ്‍സ് കുറിച്ചതോടെയാണ് ഈ അടിപൊളി ബാറ്റ്‌സമാന്‍ റെക്കോഡിട്ടത്്. 112 ഇന്നിങ്ങ്‌സിലാണ് ഗെയിലിന്റെ നാലായിരം നേട്ടം. ഓസീസിന്റെ മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണറുടെ റെക്കോഡാണ് പടിയിറങ്ങിയത്. വാര്‍ണര്‍ 114 ഇന്നിങ്ങ്‌സിലാണ് നാലായിരം റണ്‍സ് കുറിച്ചത്.
ഐപിഎല്ലില്‍ നാലായിരം റണ്‍സ് നേടുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്മാനാണ് ഗെയില്‍. സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, എം.എസ് ധോണി, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നേരത്തെ നാലായിരം തികച്ച താരങ്ങള്‍.
ഗെയില്‍ 47 പന്തില്‍ 79 റണ്‍സ് നേടിയാണ് കളം വിട്ടത്. എട്ട് ഫോറും നാല് സിക്‌സറുകളും ആ ബാറ്റില്‍ നിന്ന് അതിര്‍ത്തികടന്നുപോയി. ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ഗെയിലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഗെയിലിന്റെ ബാറ്റിങ്ങ് മികവില്‍ ഇരുപത് ഓവറില്‍ നാലു വിക്കറ്റിന് 184 റണ്‍സ് പടുത്തുയര്‍ത്തിയ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.
















