മിലാന്‍: ഇറ്റലിക്കായി രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനുള്ള ശാരീരികക്ഷമത സൂപ്പര്‍താരം മരിയോ ബലോട്ടലിക്കില്ലെന്ന് പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനി. ഈ സീസണില്‍ ബലോട്ടലി ഫ്രഞ്ച് ക്ലബ് മാഴ്‌സെലെക്കായി ഏഴു കളികളില്‍നിന്ന് അഞ്ച് ഗോള്‍ നേടി ശാരീരിക ക്ഷമത വീണ്ടെടുത്തിരുന്നു. എന്നാല്‍ താരത്തിന്റെ പ്രകടനം ദേശീയ ടീമിലേക്കെത്താന്‍ പോന്നവയല്ലെന്നാണ് പരിശീലകന്റെ വാദം.
താരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമിലേക്കെത്താന്‍ ഇതുപോര. ഇരുപത്തൊമ്പതുകാരനായ ബലോട്ടലി തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ട സമയമാണിതെന്നും രാജ്യം അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മാന്‍സിനി പറഞ്ഞു. ബലോട്ടലി ഇപ്പോള്‍ ഇറ്റലിക്കായി കളിക്കാതിരിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന് ഇനിയും കളി മെച്ചപ്പെടുത്താന്‍ സാധിക്കും. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രമാണ് ഇറ്റാലിയന്‍ ടീമിന്റെ സവിശേഷതയെന്നും മാന്‍സിനി പറഞ്ഞു.
















