പത്തനംതിട്ട: പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ 107-ാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് ജ്യോതി പ്രയാണ, ഛായാചിത്ര, പതാക ഘോഷയാത്രകള്‍ നഗറില്‍ എത്തിച്ചേരും. വൈകിട്ട് മൂന്നിന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ പങ്കെടുക്കും.
യോഗത്തില്‍ ഈ വര്‍ഷത്തെ വിദ്യാധിരാജ പുരസ്‌കാരം തിരുവിതാകൂര്‍ രാജകൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിക്ക് നല്‍കും. 10ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാവും. സ്വാമി പൂര്‍ണാമൃതാനന്ദപുരി സന്ദേശം നല്‍കും.
















