ന്യൂദല്‍ഹി: വിദേശപര്യടനങ്ങളില്‍ കുടുംബത്തെ കൂടെക്കൂട്ടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ നടപടി ബിസിസിഐക്ക് തലവേദനയാകുന്നു. ആഴ്ചകളും മാസങ്ങളും നീളുന്ന വിദേശപരമ്പരകളില്‍ രണ്ടാഴ്ചത്തേയ്‌ക്ക് കുടുംബാംഗങ്ങളെ കൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ ഭാര്യയും കുട്ടികളും അവരുടെ ആയമാരുമടക്കമുള്ള താരങ്ങളുടെ യാത്രായാണ് ബിസിസിഐക്ക് വെല്ലുവിളിയാകുന്നത്.
ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബിസിസിഐക്ക് താരങ്ങളും കുടുംബാംഗങ്ങളുമടക്കം 40 ഓളം പേര്‍ക്കാണ് സൗകര്യമൊരുക്കേണ്ടി വന്നത്. ഇവരുടെ യാത്രയ്‌ക്കായി 2 ബസുകള്‍ വാടകയ്‌ക്കെടുക്കേണ്ടി വന്നു.
എന്നാല്‍ ഇതും മതിയാകാതെ വന്നു. എന്നാല്‍ പ്രശ്നം സാമ്പത്തികമല്ല. കാരണം താരങ്ങളുടെ കുടുംബാംഗങ്ങളുടെ ചിലവ് അവര്‍ തന്നെയാണ് വഹിക്കുന്നത്. താരങ്ങളുടെ ഷെഡ്യൂളുകള്‍ ക്രമപ്പെടുത്തുന്നതിലാണ് ബിസിസിഐ പ്രശ്നങ്ങള്‍ നേരിടുന്നത്. സംഘത്തിന്റെ താമസം, ടിക്കറ്റ് ബുക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്.
വിദേശപര്യടനങ്ങളില്‍ താരങ്ങള്‍ക്ക് ആദ്യത്തെ പത്ത് ദിവസത്തിന് ശേഷം ഭാര്യമാരെയും കൂടെക്കൂട്ടാന്‍ ബിസിസിഐ അനുവാദം കൊടുത്തിരുന്നു. ഭര്യമാരെയും കാമുകിമാരെയും കൂടെക്കൂട്ടാന്‍ അനുവാദം നല്‍കണമെന്ന് വിരാട് കോഹ്ലി തന്നെ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
















