കൊച്ചി: പ്രഥമ പ്രോ വോളിബോള്‍ ലീഗില്‍ ജയത്തോടെ തുടങ്ങാന്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഒരുങ്ങി. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ യു മുംബ വോളിയാണ് സ്‌പൈക്കേഴ്‌സിന്റെ എതിരാളികള്‍. പത്തുദിവസത്തിലേറെയായി തൃപ്രയാറിലെ ടിഎസ്ജിഎ സ്‌റ്റേിയത്തില്‍ നടത്തിയ പരിശീലനത്തിനൊടുവിലാണ് ബ്ലൂ സ്‌പൈക്കേഴ്‌സ് ആദ്യ കളിക്കിറങ്ങുന്നത്. ചുരുങ്ങിയ ദിവസങ്ങളാണ് പരിശീലനത്തിനുള്ളതെങ്കിലും ആ സമയം വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പരിശീലകന്‍ തൃശൂര്‍ അന്തിക്കാട് സ്വദേശി ടി.സി. ജ്യോതിഷിന്റെ കീഴിലായിരുന്നു പരിശീലനം.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സെറ്റര്‍മാരിലൊരാളായ മോഹന്‍ ഉക്രപാണ്ഡ്യനാണ് ബ്ലൂ സ്‌പൈക്കേഴ്‌സ് നായകന്‍. ബ്ലോക്കറായ കെഎസ്ഇബിയിലെ മുജീബ്, റെയില്‍വേയിലെ മനു ജോസഫ്, അറ്റാക്കറായ ബിപിസിഎലിലെ പി. രോഹിത് എന്നിവരാണ് ടീമിലെ മലയാളികള്‍ . പോണ്ടിച്ചേരിയിലെ എസ്. പ്രഭാകരന്‍, രാജസ്ഥാനിലെ സുരേഷ് കൊയ്‌രവള്‍, തമിഴ്‌നാടിന്റെ കെ. പ്രവീണ്‍ കുമാര്‍, കര്‍ണാടകയിലെ ഹരിപ്രസാദ് എന്നിവരാണ് മറ്റു കളിക്കാര്‍. അണ്ടര്‍ 21 വിഭാഗത്തിന്റെ പ്രതിനിധികളായി യുപിയിലെ അക്കൂര്‍ സിങ്, ബംഗാളിലെ സുജോയ് ദത്ത് എന്നിവരും ടീമിലുണ്ട്.
2003 മുതല്‍ അമേരിക്കന്‍ ദേശീയ ടീമിന്റെ ഭാഗമായ ഡേവിഡ് കാമറോണ്‍ ലീയാണ് ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍താരം. മികച്ച ബ്ലോക്കറായ ലീ ഒളിമ്പിക്‌സിലും ലോകകപ്പിലും ലോക ലീഗിലുമടക്കം നിരവധി സ്വര്‍ണം നേടിയ താരമാണ്. 2016ലെ റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ അമേരിക്കന്‍ ടീമിലും ലീ അംഗമായിരുന്നു. 2008 മുതല്‍ സ്ലോവാക്യന്‍ ടീമിന്റെ ഭാഗമാണ് അറ്റാക്കറായ ആന്ദ്രെ പതുക്. സെറ്ററായി ഇന്ത്യന്‍ നായകന്‍ മോഹന്‍ ഉക്രപാണ്ഡ്യനും കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് മികച്ച മത്സരം കാണാനാകും.
സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലൂ സ്‌പൈക്കേഴ്‌സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. യു മുംബ വോളിയും ജയം ലക്ഷ്യമിട്ടാണ് ആദ്യ കളിക്കിറങ്ങുന്നത്. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന സ്വദേശിയും ക്രൊയേഷ്യന്‍ ദേശീയ ടീം അംഗവുമായ ടോമിസ്ലാവ് കൊസ്‌കോവിച്ചും കനേഡിയന്‍ താരമായ നിക്കോളാസ് ഡെല്‍ ബിയാന്‍കോയുമാണ് ടീമിലെ പ്രധാന അറ്റാക്കര്‍മാര്‍. പങ്കജ് ശര്‍മ, ഹര്‍ദീപ് സിങ് എന്നീ ഇന്ത്യന്‍ താരങ്ങളാണ് ടീമിലെ മറ്റ് അറ്റാക്കര്‍മാര്‍. നായകന്‍ ദിപേഷ്‌കുമാര്‍ സിന്‍ഹയാണ് ടീമിലെ പ്രധാന ബ്ലോക്കര്‍. ജോണ്‍ ജോസഫ്, പ്രിന്‍സ് സഖ്‌ലെയ്ന്‍ താരിഖ്, വിനീത്കുമാര്‍, ശുഭം ചൗധരി, അക്ഷയ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.
















