കാന്‍ബറ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയക്ക് ഗംഭീര തുടക്കം. ജോ ബേണ്‍സും ട്രാവിസ് ഹെഡും പടുത്തുയര്‍ത്തിയ റെക്കോഡ് കൂട്ടുകെട്ടിന്റെ മികവില്‍ അവര്‍ ഒന്നാം ദിനത്തില്‍ നാല് വിക്കറ്റിന് 384 റണ്‍സ് നേടി. ബേണ്‍സും ഹെഡും സെഞ്ചുറി കുറിച്ചു.
ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുന്ന ബേണ്‍സ് 172 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. ഹെഡ് 161 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയ 306 റണ്‍സ്് ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.
243 പന്ത് നേരിട്ട ബേണ്‍സ് 26 ഫോറുകളുടെ അകമ്പടിയിലാണ് 172 റണ്‍സിലെത്തിനില്‍ക്കുന്നത്. ഹെഡ് 204 പന്തില്‍ 21 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് 161 റണ്‍സ് നേടിയത്. ഒടുവില്‍ ഫെര്‍നാന്‍ഡോയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.ഇരുപത്തിയെട്ട് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ ഇവര്‍ മികച്ച സ്‌കോറിലേക്ക് ഉയര്‍ത്തി.
ഓപ്പണര്‍ ഹാരിസ് 11 റണ്‍സിനും ഖവാജ പൂജ്യത്തിനും കീഴടങ്ങി. ലാബുഷെയ്ന്‍ ആറു റണ്‍സിന് പുറത്തായി. പാറ്റേഴ്‌സണ്‍ 25 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
ശ്രീലങ്കയുടെ ഫെര്‍നാന്‍ഡോ ഇരുപത് ഓവറില്‍ 99 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
















