മലപ്പുറം : ക്വാറിക്കെതിരെ സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പരിസ്ഥിതി പ്രവര്‍ത്തകനായ അബുദുള്‍ അസീസാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
വാഴയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എംപി ക്രഷര്‍ എന്ന ക്വാറിക്കു നേരെ സമരം നടത്തിയതിന് ബൈക്കിലെത്തിയ രണ്ടംഗ സംഘം അസീസിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അസീസിന്റെ കണ്ണിനും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ക്വാറി സമരത്തിന്റെ കണ്‍വീനാണ് അസീസ്. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുമായി നിരവധി ഫോണുകള്‍ ഇയാള്‍ക്ക് വന്നിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികളുടെ സമരം ശക്തമായതിനെ തുടര്‍ന്ന് ക്വാറി പൂട്ടാന്‍ ജില്ലാ കളക്ടര്‍ ആദ്യം ഉത്തരവിറക്കിയതാണ്. അതിനുശേഷം ക്വാറി ഉടമകള്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.
















