സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ക്ക് ലഭിച്ചത് ഒരു വര്‍ഷം പഴക്കമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത അരവണ. മലപ്പുറം നിലമ്പൂര്‍ ചുങ്കത്രയില്‍ നിന്നെത്തിയ ഇരുപതംഗം സംഘത്തിനാണ് പഴക്കമുള്ള അരവണ ലഭിച്ചത്. ഇത് സംബസിച്ച് ഭക്തര്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് പരാതി സന്നിധാനം പോലീസിന് കൈമാറി. പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണെന്നം സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറും സന്നിധാനം പോലീസില്‍ പരാതി നല്‍കി.
ഇന്നലെ രാവിലെ ഏഴു മണിയോടെ ആഴിക്ക് സമീപമുള്ള പ്രധാന അരവണ വിതരണ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ അരവണ സംബന്ധിച്ചാണ് പരാതി. ഭക്തര്‍ വാങ്ങിയ 13 ടിന്‍ അരവണയില്‍ രണ്ട് ടിന്‍ 2017 ഡിസംബര്‍ 8ന് നിര്‍മ്മിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാച്ച് നമ്പര്‍ 37 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തെ അയ്യപ്പ ചിത്രം അടങ്ങിയ കവര്‍ പഴക്കം തോന്നി തുറന്ന് പരിശോധിച്ചപ്പോള്‍ അരവണ കേടായതാണെന്ന് ബോദ്ധ്യമായി. തുടര്‍ന്ന് സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സംസ്ഥാന – ദേവസ്വം വിജിലന്‍സ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, അരവണ നിര്‍മാണ പ്ലാന്റ്, സംഭരണശാല, വിതരണ കൗണ്ടര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പരാതിക്ക് ആസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇപ്പോള്‍ 2018 നവംബര്‍ ഒമ്പത്, പത്ത് തീയതികളിലടിച്ച 10, 11 ബാച്ചുകളിലെ അരവണയാണ് വിറ്റ് പോകുന്നതെന്ന് അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ പി. ദിലീപ്കുമാര്‍ പറഞ്ഞു. 2018 നവംബര്‍ ഒന്ന് മുതലാണ് അരവണ ഉദ്പാദനം ആരംഭിച്ചത്. പരാതിക്കാര്‍ കാണിച്ച അരവണ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ലെ 37-ാം ബാച്ചിലേതാണ്. ഈ വര്‍ഷം ഇതുവരെ 25 ബാച്ച് വരെയെ നിര്‍മ്മാണം നടത്തിയിട്ടുള്ളൂവെന്നും അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്നിധാനം പോലീസില്‍ പരാതി നല്‍കിയത്.
അരവണ ടിന്നില്‍ പഴയ നിര്‍മ്മാണ തീയതി മാറ്റി ഈ വര്‍ഷത്തെ തീയതി പ്രിന്റ് ചെയ്തു എന്ന് മണ്ഡലകാല ആരംഭത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രിന്റിംഗ് മെഷീനില്‍ സംഭവിച്ച തകരാറെന്നാണ് അന്ന് ദേവസ്വം അധികൃതര്‍ നല്‍കിയ വിശദീകരണം.
















