ന്യൂദല്‍ഹി: പിറവം പള്ളിക്കേസിലെ സുപ്രീംകോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിധി നടപ്പാക്കാതിരിക്കാനുള്ള സര്‍ക്കാരിന്റെ വാദം പൊളിയുന്നു. പള്ളിയുടെ അധികാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുനല്‍കിയ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും തയാറാകണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് യു.യു. ലളിത് എന്നിവരുടെ ഉത്തരവിലുള്ളത്.
ഏപ്രില്‍ 19ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ശബരിമല കേസില്‍ കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ നിലപാട് തള്ളി വിധി നടപ്പാക്കാന്‍ യുദ്ധസമാന നടപടികള്‍ സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവ സഭാ കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാവില്ലെന്ന വിചിത്രമായ നിലപാടാണ് സ്വീകരിക്കുന്നത്. യാക്കോബായ സഭയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിണറായി സര്‍ക്കാര്‍ വിധി നടപ്പാക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം നടക്കുന്ന പിറവം സെന്റ്മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിക്ക് മേലുള്ള അധികാരം ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്ക് വിട്ടുനല്‍കുന്ന ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് പിണറായി സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിനോട് കോടതി നിലപാട് ചോദിക്കുന്നതിന് മുന്‍പു തന്നെ വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ക്രിസ്ത്യന്‍ സഭാ കേസിലെ കോടതി വിധി സമാധാനത്തിനല്ല സംഘര്‍ഷത്തിന് മാത്രമേ ഉപകരിക്കൂയെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത അറിയിച്ചത്. മുഖ്യമന്ത്രി നേരിട്ട് സമാധാന ചര്‍ച്ച നടത്തുന്നെന്നും അതുവരെ വിധി നടപ്പാക്കാനാവില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് ഓര്‍ത്തഡോക്സ് സഭ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ വര്‍ഷം മെയ് 15ന് മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധിക്കെതിരെ യാക്കോബായ സഭാ വിശ്വാസികള്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ അനുകൂലിച്ച്, വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: