മാനസികാപഗ്രഥന ശാഖയുടെ തുടക്കം പത്തൊമ്പതാം നൂറ്റാണ്ടില്‍ വിയന്നയിലായിരുന്നു. 1900 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സിഗ്മണ്ട് ഫ്രോയിഡിന്റെ ‘ദി ഇന്റര്‍പ്രെറ്റേഷന്‍ ഓഫ് ഡ്രീമ്‌സ്’ എന്ന പുസ്തകത്തിലാണ് ഫ്രോയിഡ്യന്‍ അപഗ്രഥനത്തിന്റെ സവിശേഷതകള്‍ അടങ്ങുന്നത്. ഇതില്‍ പറയുന്ന പ്രകാരം ഒരു വ്യക്തിയുടെ ബോധമനസ്സിന്റെ അടിത്തട്ടിലുള്ള സൂക്ഷ്മതലം രണ്ട് അടുക്കുകള്‍ ചേര്‍ന്നതാണ്. ഒന്ന് ഉപബോധ മനസ്സാണ്. രണ്ടാമത്തേത് ഉപബോധമനസ്സിന്റെയും അടിത്തട്ടും കൂടുതല്‍ സൂക്ഷ്മവുമായിട്ടുള്ള അബോധ മനസ്സാകുന്നു. ഫ്രോയിഡാണ് ഉപബോധ മനസ്സ്, അബോധ മനസ്സ് എന്നിവ പ്രചാരത്തില്‍ കൊണ്ടുവന്നതെങ്കിലും അവയെ ആദ്യകാലത്ത് ഒരേ അര്‍ത്ഥത്തിലും പിന്നീട് വേര്‍തിരിച്ചുമൊക്കെ പ്രയോഗിച്ചതു മൂലം പലപ്പോഴും ചിന്താക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ സി.ജി.യുങ് ഈ വ്യത്യസ്ത തലങ്ങളെ വേര്‍തിരിച്ചു തന്നെയാണ് അവതരിപ്പിച്ചത്. വ്യക്തിയുടെ അനുഭവസിദ്ധമായ സ്മൃതികള്‍, ശീലങ്ങള്‍, അവയ്‌ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രവണതകള്‍ അഥവാ കര്‍മ്മവാസനകള്‍, വികാരങ്ങള്‍ എന്നിവയടങ്ങുന്നതാണ് ഉപബോധ മനസ്സ്. ഇത് ബോധമനസ്സുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അബോധ മനസ്സ് വളരെ നിഗൂഢമായതിനാല്‍ സാധാരണ മനസ്സിന് എത്തിപ്പെടാനും നിയന്ത്രിക്കാനും സാധിക്കാത്ത തലമാണ്. ഒരു വര്‍ഗത്തിന്റെ സവിശേഷതകളാകുന്ന ജന്മവാസനകളും അടിച്ചമര്‍ത്തപ്പെടുന്ന ഓര്‍മ്മകളും വികാരങ്ങളും ഭയാശങ്കകളും കൂടാതെ ചില ആദിരൂപങ്ങളുമടങ്ങുന്നതാണ് അബോധ തലം എന്നാണ് യുങ്ങിന്റെ അപഗ്രഥന ശാഖയുടെ നിഗമനങ്ങള്‍.
ഫ്രോയിഡ് ചിലയവസരങ്ങളില്‍ ഉപബോധത്തെയും അബോധത്തെയും കൂട്ടിക്കുഴച്ച് പ്രയോഗിച്ചതിനൊരു കാരണം, ബോധം ഉപബോധം അബോധം എന്നിങ്ങനെ മനസ്സിനെ കൃത്യമായി വേര്‍തിരിക്കുകയെന്നത് പ്രയാസമായതാണ്. ഒരു ജലാശയത്തെ ഉപരിഭാഗം, മധ്യഭാഗം, അടിത്തട്ട് എന്നിങ്ങനെ വിഭജിക്കുമ്പോള്‍ കൃത്യമായി അതിരുകള്‍ നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാകുന്നതുപോലെയാണിതും. വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള ഊര്‍ജവിശേഷങ്ങളാണ് അന്തരംഗത്തിലെ ഓരോ തരം വൃത്തിയിലുമുള്ളതെങ്കിലും അവയെല്ലാം ജലസമാനമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഊര്‍ജവൃത്തികളാണ്. എന്നാല്‍ ഫ്രോയിഡിന്റെ അപഗ്രഥനത്തില്‍ സംഭവിച്ച പിഴവുകള്‍ സ്വാഭാവികമായുണ്ടായവ മാത്രമല്ല. അപക്വമായ മുന്‍വിധികളാണ് അയുക്തികവും സമഗ്രമല്ലാത്തതുമായ ഫ്രോയിഡിന്റെ നിഗമനങ്ങള്‍ക്ക് കാരണം.
ഫ്രോയിഡിന്റെ മനഃശാസ്ത്രപരമായ പല അപഗ്രഥനങ്ങളും അബദ്ധജടിലമാകാന്‍ കാരണം, മനുഷ്യന്റെ ഉള്‍ത്തടം രൂപപ്പെടുന്നത് ബാഹ്യമായിട്ടുള്ള സാഹചര്യങ്ങള്‍ക്ക് വിധേയമായിട്ടാണെന്ന കാറല്‍ മാര്‍ക്‌സിന്റെ ഭൗതിക സിദ്ധാന്തം വളരെയധികം സ്വാധീനിച്ചിരുന്നതിനാലാണ്. ഒരു മനഃശാസ്ത്രജ്ഞന്‍ എന്ന നിലയ്‌ക്ക് ഫ്രോയിഡ് കൂടുതല്‍ പ്രാധാന്യം നല്‍കിയത് വ്യക്തിയുടെ ആന്തരിക മാനസികാവസ്ഥകള്‍ക്കാണെങ്കിലും, മനുഷ്യന്റെ ചിന്താഗതി, വികാരം, മൂല്യബോധം എന്നിവയെല്ലാം രൂപപ്പെടുന്നത് ഭൗതിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന മാര്‍ക്‌സിന്റെ ചിന്താരീതിയെ ഫ്രോയിഡ് അംഗീകരിച്ചിരുന്നു.
സോവിയറ്റ് യൂണിയന്‍ ഫ്രോയിഡിനെ നിരോധിക്കാന്‍ കാരണം
1920 കളില്‍ സോവിയറ്റ് യൂണിയനില്‍ ഫ്രോയിഡ്യന്‍ മനഃശാസ്ത്രം അംഗീകരിക്കപ്പെട്ടിരുന്നു. മാനുഷിക ബന്ധങ്ങളെ മനസ്സിന്റെ ആദര്‍ശങ്ങളുടെ മണ്ഡലത്തില്‍ നിന്നു മാറ്റി ശാരീരിക പ്രവണതകളുടെ അടിസ്ഥാനത്തില്‍, പ്രത്യേകിച്ച് ലൈംഗികതയുടെ പരിവേഷം ചാര്‍ത്തി വ്യാഖ്യാനിച്ച ഫ്രോയിഡ്യന്‍ സിദ്ധാന്തം ഭൗതിക വാദത്തിന് യോജിച്ചതു തന്നെയായിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് മാനസിക രോഗത്തിനു കാരണമെന്നതും മാര്‍ക്‌സിസ്റ്റുകള്‍ക്ക് സ്വീകാര്യമായിരുന്നു. പക്ഷേ 1930 കളില്‍ സ്റ്റാലിന്‍ തന്റെ അധികാരം കൂടുതല്‍ ബലപ്പെടുത്തുകയും, പ്രത്യയശാസ്ത്രപരമായ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഫ്രോയിഡ്യന്‍ അപഗ്രഥന രീതി സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടു. കാരണം പരമ്പരാഗത മാര്‍ക്‌സിസം വ്യക്തികള്‍ക്കോ അവരുടെ മാനസികാവസ്ഥകള്‍ക്കോ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. മാനവ സമുദായത്തെ സാമ്പത്തികാടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുകയും, വര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി അധികാരം നേടുകയും, തങ്ങളുടെ സ്വേച്ഛാധിപത്യമുറപ്പിക്കുകയും ചെയ്യുന്നതില്‍ ബദ്ധശ്രദ്ധരായിരുന്ന സ്റ്റാലിനെപ്പോലുള്ള ഏകാധിപതികള്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനോ അവരുടെ മാനസികാരോഗ്യത്തിനോ യാതൊരു വിലയും കല്‍പ്പിച്ചിരുന്നില്ല. വ്യക്തികളെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കിക്കൊണ്ടിരുന്ന അവര്‍ക്ക് സാമൂഹിക പരിതഃസ്ഥിതികള്‍ വ്യക്തിയിലേല്‍പ്പിക്കുന്ന സമ്മര്‍ദ്ദം ഒരു വിഷയമേ അല്ലായിരുന്നു.
ഫ്രോയിഡ്യന്‍ സിദ്ധാന്തം സോവിയറ്റ് യൂണിയന്‍ തിരസ്‌കരിച്ചതിന് മറ്റൊരു കാരണവുമുണ്ട്. ഫ്രോയിഡ് മനസ്സിന് ബാഹ്യലോകവുമായുള്ള ബന്ധം മാത്രമല്ല അപഗ്രഥിച്ചത്. വ്യക്തിയുടെ മനസ്സിനെ സ്വാധീനിക്കുന്ന ബാഹ്യശക്തികളെ കൂടാതെ ഉപബോധം, അബോധം എന്നീ ആന്തരിക ശക്തികളെയും ഫ്രോയിഡ് അംഗീകരിക്കുകയുണ്ടായി. ബോധമനസ്സിനെ നിയന്ത്രിക്കുന്നത് ഉപബോധ മനസ്സാണെന്നാണ് ഫ്രോയിഡിന്റെ പ്രധാന സിദ്ധാന്തം. ഇത് ഭൗതിക വാദത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്നതാണ് ഫ്രോയിഡിനെതിരെ ചിന്തിക്കാന്‍ സ്റ്റാലിനെ പ്രേരിപ്പിച്ചത്. യാഥാസ്ഥിതിക മാര്‍ക്‌സിസത്തിന്റെ അടിക്കല്ലായ ഭൗതിക വാദത്തില്‍ മനസ്സ് ദ്രവ്യലോകത്തിന്റെ ഉല്‍പ്പന്നം മാത്രമാകുന്നു. അതിനാല്‍ മനസ്സിന്റെ ആഴങ്ങളെ പ്രതിപാദിക്കുന്ന സിദ്ധാന്തം മുതലാളിത്ത പ്രത്യയശാസ്ത്രമാണെന്ന ധാരണയാണ് ഫ്രോയിഡ്യന്‍ മനഃശാസ്ത്രം സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടതിന്റെ പ്രധാന കാരണം.
പുറംലോകത്തു നിന്നും കടന്നുവരുന്ന ഇന്ദ്രിയാനുഭൂതങ്ങളാകുന്ന പ്രചോദനങ്ങളോട് മസ്തിഷ്‌ക്കം പ്രതികരിക്കുമ്പോഴുണ്ടാകുന്ന വൃത്തികളാണ് മനസ്സിന്റെ ഉള്ളടക്കമെന്ന ഇവാന്‍ പാവ്‌ലോവിന്റെ മനഃശാസ്ത്ര സിദ്ധാന്തമാണ് ഭൗതിക വാദത്തിന് തികച്ചും അനുയോജ്യമെന്ന വിചാരവും സോവിയറ്റ് യൂണിയന്‍ അധികാരികള്‍ക്കുണ്ടായി. ബിഹേവ്യറിസത്തിന് അടിത്തറ പാകിയ പാവ്‌ലോവ്യന്‍ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ഉള്‍ത്തടമാകെ ബാഹ്യലോക നിയന്ത്രിതമാണ്. ജോണ്‍ ബി. വാട്‌സണ്‍, ബി.എഫ്.സ്‌കിന്നര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഹേവ്യറിസം മനസ്സിനെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാക്കി, ഇന്ദ്രിയാനുഭൂതങ്ങളോടുള്ള മസ്തിഷ്‌ക്കത്തിന്റെ പ്രതികരണം മാത്രമാക്കി കാണുന്നു. ഇവിടെ മനസ്സിനെ ദ്രവ്യലോകത്തേക്ക് ചുരുക്കുന്നു. കാരണം മസ്തിഷ്‌ക്കമാകുന്ന ദ്രവ്യത്തിന്റെ പ്രവര്‍ത്തനമാണ് മനസ്സ്. മാര്‍ക്‌സ് വാദിച്ചതും മനസ്സ് ദ്രവ്യത്തിന്റെ ഉല്‍പ്പന്നമാണെന്നാണല്ലോ.
മാര്‍ക്‌സ് സാംസ്‌കാരിക മേഖലയെ സമൂഹത്തിന്റെ ഉപരിപ്ലവ ഘടകമായി മാത്രം ഒതുക്കിയിരുന്നതും ഇതേ കാരണത്താലാണ്. ഒരു ജനതയാര്‍ജിക്കുന്ന വിദ്യ, ആചരിക്കുന്ന വിശ്വാസങ്ങള്‍, സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മ കൃതികള്‍ എന്നിവയുമായുള്ള മനസ്സിന്റെ ബന്ധം അഭേദ്യമാണ്. എന്നാല്‍ സാമ്പത്തിക മേഖലയില്‍ മനുഷ്യന്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളും അയാളുടെ മനസ്സും തമ്മിലുള്ള ബന്ധം ഇപ്രകാരമല്ല. മനുഷ്യരുടെ നിത്യോപയോഗസാധനങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റും മനസ്സിന്റെ നേരിട്ടുള്ള ഉല്‍പ്പന്നങ്ങളാകുന്നില്ല. എന്നാല്‍ സംസ്‌കാരം മനുഷ്യമനസ്സിന്റേതാണ്. പക്ഷേ മാര്‍ക്‌സിനെ സംബന്ധിച്ച് മനസ്സ് ദ്രവ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഉപാധി മാത്രമാണ്. അതിനാല്‍ മനസ്സിനെ കേന്ദ്രീകരിച്ചുള്ള ഫ്രോയിഡിന്റെ അപഗ്രഥനം യാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റുകളെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല.
മാര്‍ക്‌സിനെയും ഫ്രോയിഡിനെയും കൂട്ടി വായിക്കുന്നവര്‍
കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ മാര്‍ക്‌സിയന്‍ പ്രത്യയ ശാസ്ത്രത്തിലെ സാമ്പത്തികാടിസ്ഥാനത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് സംസ്‌കാരത്തെ കേന്ദ്രീകൃതമാക്കിയതോടെ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാരില്‍ ചിലര്‍ മാര്‍ക്‌സിസത്തെ ഫ്രോയിഡ്യന്‍ നിലപാടുമായി കൂട്ടിയിണക്കി. ഇതിന്റെ ഫലമായി ‘ഫ്രോയിഡോ മാര്‍ക്‌സിസം’ എന്ന പേരിലുള്ള സിദ്ധാന്തം രൂപപ്പെട്ടു. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ ബുദ്ധികേന്ദ്രമായ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളിലെ പ്രമുഖരായ ഹെര്‍ബര്‍ട്ട് മാര്‍ക്യുസ, എറിക്ക് ഫ്രോമ്, ഡോ.വില്‍ഹെം റൈഷ് മുതലായവര്‍ മാര്‍ക്‌സിനെയും ഫ്രോയിഡിനെയും ചേര്‍ത്ത് വായിച്ചവരായിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയൊരുക്കുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങളാണ് വ്യക്തികളുടെ സ്വാഭാവിക മനോവ്യാപാരങ്ങളെ തകിടം മറിക്കുന്നതെന്നാണ് ഇവരുടെ ഒരു വാദം. എറിക്ക് ഫ്രോമ് വാദിക്കുന്നത്, മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന അസമത്വം സമൂഹത്തില്‍ നിന്ന് മാനവികതയെ ചോര്‍ത്തിക്കളയുന്നുവെന്നും, ഇതുകാരണമുണ്ടാകുന്ന സമ്മര്‍ദ്ദം വ്യക്തികളില്‍ അന്യതാബോധം വളര്‍ത്തുന്നുവെന്നുമാണ്. സാമൂഹിക സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയുള്ള മനുഷ്യന്റെ മാനവിക വികാസത്തിന് തടസ്സം നില്‍ക്കുന്നത് മുതലാളിത്ത വ്യവസ്ഥയാണെന്നുതന്നെയാണ് മാര്‍ക്യുസയുടെയും വാദം. ബോധമനസ്സിനുമേലുള്ള ഉപബോധ മനസ്സിന്റെ സ്വാധീനവും, ഒപ്പം നൈസര്‍ഗിക പ്രവണതകളുടെ അടിച്ചമര്‍ത്തല്‍ സൃഷ്ടിക്കുന്ന അബോധ മനസ്സിന്റെ കടന്നാക്രമണവും, തന്മൂലം സംഭവിക്കുന്ന ബോധമനസ്സിന്റെ ബലക്ഷയവും രോഗാവസ്ഥയുമാണ് ഫ്രോയിഡ്യന്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഏറ്റെടുത്ത മറ്റ് വിഷയങ്ങള്‍.
കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ സാംസ്‌കാരിക മേഖലയെ അഴിച്ചുപണിയുന്നതിലൂടെ മാര്‍ക്‌സ് വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കാനായി യാഥാസ്ഥിതിക ധാര്‍മ്മിക മൂല്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. ഇവിടെ ഉപയോഗപ്പെടുത്തുന്നത് ഫ്രോയിഡ്യന്‍ സങ്കല്‍പ്പങ്ങളെയാണ്. ഡോ.വില്‍ഹെം റൈഷ് അഭിപ്രായപ്പെടുന്നത്, മുതലാളിത്ത സമൂഹത്തിന്റെ ഘടനയാകെ ബൂര്‍ഷ്വാ ലൈംഗിക ധാര്‍മ്മികതയുടെ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്നാണ്. മനുഷ്യന്റെ സ്വാഭാവിക വാസനകളില്‍പ്പെടുന്ന ലൈംഗികതയെയും അധികാര ശക്തികളെ എതിര്‍ക്കുന്ന വിപ്ലവ വീര്യത്തെയും ബൂര്‍ഷ്വാ ധാര്‍മ്മികത അടിച്ചമര്‍ത്തുന്നതു കാരണമാണ് വ്യക്തികള്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്നതെന്നാണ് റൈഷിന്റെ വാദം.
മാര്‍ക്‌സിനൊപ്പം ചേര്‍ന്ന് ആത്മീയതയെ നിരാകരിക്കുന്ന ഫ്രോയിഡ് മനസ്സിനെ വ്യാഖ്യാനിക്കുന്ന വിഷയത്തില്‍, ബാഹ്യശക്തികളും പിന്നെ ഉപബോധവും അബോധവും മനസ്സിനുമേല്‍ ചെലുത്തുന്ന സ്വാധീനങ്ങളെ മാത്രം കണക്കിലെടുത്തുകൊണ്ട് തൃപ്തനാകുന്നു. എന്നാല്‍ കാള്‍ യുങ് ഇതിലൊതുങ്ങാതെ അബോധത്തിന്റെ അഗാധതലങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇവിടെയാണ് യുങ് ഭാരതീയ ദര്‍ശനങ്ങളെ ആശ്രയിക്കുന്നത്. യുങ് അവതരിപ്പിച്ച അബോധ മനസ്സും അതുള്‍ക്കൊള്ളുന്ന പ്രാക്തന രൂപങ്ങളും ഭാരതീയ ദര്‍ശനങ്ങളെ ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്നത് വ്യക്തമാണ്. ലൈംഗിക തൃഷ്ണയെ അടിസ്ഥാനപ്പെടുത്തി മനുഷ്യന്റെ മാനസിക വൃത്തികളെയും ശാരീരിക കര്‍മ്മങ്ങളെയും വ്യാഖ്യാനിക്കുന്ന ഫ്രോയിഡ്യന്‍ രീതിയും യുങ് നിരസിക്കുന്നതു കാണാം.
(അടുത്തത്: മാനസികാ പഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്)












