കണ്ണൂര്‍: ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചതെന്ന് ബിജെപി ജില്ല അധ്യക്ഷന്‍ പി.സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ യാത്രാസൗകര്യം നിഷേധിച്ചും അടിസ്ഥാന സൗകര്യമൊരുക്കാതെയും ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു തരത്തിലുള്ള അടിസ്ഥാന സൗകര്യവുമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കുടിവെള്ളം പോലും നല്‍കിയില്ല. സന്നിധാനത്ത് മുറികള്‍ അടച്ചു പൂട്ടി. അയ്യപ്പഭക്തരെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ കുത്തിനിറച്ചാണ് പമ്പയിലെത്തിച്ചത്. ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാരാണ് ശബരിമലയെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പമ്പയില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇപ്പോഴും പമ്പയുടെ സ്ഥിതി അതുതന്നെയാണ്. ഇതില്‍ നിന്ന് ഭക്തരുടെ ശ്രിദ്ധതിരിക്കുന്നതിന് വേണ്ടിയാണ് സന്നിധാനത്ത് അടിസ്ഥാന സൗകര്യമൊരുക്കാതിരിക്കാന് കാരണം.
കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിനെതിരായ ജനരോഷം ശക്തമാവുകയാണ്. സിപിഎം കേന്ദ്രങ്ങളില്‍ പോലും നിരവധിപേരാണ് നാമജപയാത്രകളില്‍ പങ്കെടുത്തത്. ഇതിന് മറയിടാനാണ് പയ്യന്നൂര്‍ മേഖലകളില്‍ സിപിഎം നേതൃത്വം നിരന്തരമായി അക്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ദളിത് യുവതിയെയും കുടുംബത്തെയും സിപിഎം സംഘം അക്രമിച്ചത് അപലപനീയമാണെന്നും സത്യപ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: