മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഴശ്ശിരാജയും ആര്യഭടനും സ്ഥാനം പിടിക്കും. ഇവരുടെ ഛായാചിത്രങ്ങള്‍ ആലേഖനം ചെയ്യുവാനുള്ള നടപടി ആരംഭിച്ചു. നിരവധി ചിത്രങ്ങള്‍ ആലേഖനം ചെയ്തപ്പോഴും വിമാനത്താവളം ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ഒരു ചരിത്ര പുരുഷന്റേയും ചിത്രം ഇല്ലാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സുസംഘടിതമായി പടവെട്ടിയ ധീര ദേശാഭിമാനി കേരളവര്‍മ്മ പഴശ്ശിരാജ, മട്ടന്നൂര്‍ സ്വദേശിയെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നതും പൂജ്യം കണ്ടെത്തിയതിലൂടെ ലോക ഗണിത ശാസ്ത്രത്തിന് അമൂല്യ സംഭാവന നല്കിയതുമായ കേരളീയ ഗണിത ശാസ്ത്രജ്ഞന് ആര്യഭടന്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ ആലേഖനം ചെയ്യുവാനുള്ള നടപടി ആരംഭിച്ചത്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിനകത്ത് പഴശ്ശിരാജയുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നീരസം പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉള്‍ക്കൊള്ളുന്ന പ്രദേശത്തിനടുത്ത് പഴശ്ശി ചരിത്രങ്ങള്‍ നിലനില്‍ക്കേ മലബാറിന്റെ ചരിത്രങ്ങള്‍ വരച്ച് കാട്ടുന്ന ചിത്രങ്ങളില്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ ചിത്രം ഇല്ലാത്തതാണ് മുഖ്യമന്ത്രിക്ക് നീരസമുണ്ടാക്കിയത്. ഉദ്ഘാടനത്തിന് മുമ്പ് ചിത്രം സ്ഥാപിക്കുന്നതിന് മാനേജിംഗ് ഡയരക്ടര്‍ വി.തുളസിദാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. സാജു തുരുത്തില് തയ്യാറാക്കിയ 16.56 മീറ്റര്‍ നീളവും 11 മീറ്റര്‍ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഹരീന്ദ്രന്‍ ചാലാട് ഒരുക്കിയ ചുവര് ചിത്രങ്ങള്‍ എന്നിവ ടെര്‍മിനലിനകത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: