കണ്ണൂര്‍: ആര്‍ദ്രം മിഷന്റെ ഭാഗമായി രണ്ടാംഘട്ടത്തില്‍ ജില്ലയിലെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. തെരഞ്ഞെടുത്ത 50 പിഎച്ച്സികളിലും ഇതിനായി രണ്ടു വര്‍ഷത്തിനുള്ളില്‍ കെട്ടിട സൗകര്യം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരുടെയും അതിന് അനുസൃതമായ നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യം. അമ്പതില്‍ ഏഴ് പിഎച്ച്സികളില് മൂന്ന് ഡോക്ടര്‍മാരുണ്ട്. 11 ഇടത്ത് രണ്ട് ഡോക്ടര്‍മാര്‍ വീതവും ഉണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുറവുള്ള രണ്ട് ജീവനക്കാരെ പഞ്ചായത്തിന് നിയമിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇത് ഡോക്ടറോ നഴ്സോ ഫാര്‍മസിസ്റ്റോ ആവാം. ശേഷിച്ച തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കും.
ജില്ലയില്‍ നിലവില്‍ 11 പിഎച്ച്സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇതില്‍ ഒമ്പത് എണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ശേഷിച്ചവ ഉദ്ഘാടന സജ്ജമായി. രണ്ട് കണ്‍സള്‍ട്ടിംഗ് റൂം, നഴ്സിംഗ് റൂം, ഡ്രസിംഗ് റൂം, ഇമ്യൂണൈസേഷന് റൂം, ചില്‍ഡ്രന്‍ പ്ലേ ഏരിയ, മള്‍ട്ടി പര്‍പ്പസ് ഹാള്‍, യോഗ സെന്റര്‍/മിനി ജിംനേഷ്യം, റിസപ്ഷന് എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങള്‍, ഡിപ്രഷന്, ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ എന്നിവയുടെ ചികിത്സക്കുള്ള ക്ലിനിക്കുകളും ഉണ്ടാവും. ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് അത്യാധുനിക ചികിത്സ പ്രാപ്തമാക്കുക എന്നതാണ് ആര്‍ദ്രം മിഷന് ലക്ഷ്യമിടുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കെ.പി.ജയബാലന്‍, കളക്ടര്‍ മീര്‍ മുഹമ്മദ് അലി, ഡിഎംഒ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: