കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാംപസില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. അത്ലെറ്റിക് കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ടി.വി.രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഒളിംപ്യന്‍ ഷൈനി വില്‍സണിന് മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു. എംപിമാരായ പി.കരുണാകരന്, കെ.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള എന്നിവര്‍ സംബന്ധിച്ചു. പ്രൊ. വൈസ് ചാന്സ്ലര് പ്രഫ.പി.ടി.രവീന്ദ്രന് സ്വാഗതവും രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത് നന്ദിയും പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയുടെ നാലര ഏക്കര്‍ സ്ഥലത്താണ് 6.5 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാകത്തിലുള്ള സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. 400 മീറ്ററില്‍ ഏട്ട് ലൈനുകളുള്ള ട്രാക്കില്‍ ജംപുകള്‍, ത്രോകള്‍, സ്റ്റീപ്പ്ള്‍ ചെയ്സ് എന്നിവയ്ക്കുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന് ഫെഡറേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നിര്‍മിച്ച സിന്തറ്റിക് ട്രാക്ക്് ക്ലാസ് രണ്ട് അത്ലറ്റിക് ഫെസിലിറ്റിയായി അസോസിയേഷന് ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: