കല്‍പ്പറ്റ: കേരളത്തിലെ സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി. പശ്ചിമഘട്ട മലനിരകകളിലാണ് ഓര്‍ക്കിഡ് കുടുംബത്തില്‍പ്പെട്ട പുതിയ സസ്യത്തെ കണ്ടെത്തിയത്.
ശാസ്ത്രലോകത്ത് ലിപ്പാരിസ് ചാങ്ങ്ഗി എന്ന പേരില്‍ അറിയപ്പെടുന്ന, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന സസ്യമാണ് ഇപ്പോള്‍ വയനാടന്‍ മലനിരകളില്‍ നിന്ന് കണ്ടെത്തിയത്. പരിസ്ഥിതി സംരക്ഷണ മേഖലയില്‍ നീരിക്ഷണങ്ങള്‍ നടത്തുന്ന കല്‍പ്പറ്റ എംഎസ്എസ്ആര്‍എഫിലെ സലിം പിച്ചന്‍, ജയേഷ് പി. ജോസഫ്, എം. ജിതിന്‍, ആലപ്പുഴ എസ്ഡി കോളേജിലെ ജോസ് മാത്യു, സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റര്‍ ആയിരുന്ന പി. ധനേഷ് കുമാര്‍ തുടങ്ങിയവരാണ് ഈ കണ്ടെത്തലിനു പിറകില്‍.
നിലത്തുപറ്റി വളരുന്ന ഈ സസ്യത്തിന് ഹൃദയാകാരത്തോടു കൂടിയ രണ്ട് ഇലയും വെളുപ്പ് നിറത്തോട് കൂടിയ ചെറിയ കിഴങ്ങും, പച്ചനിറത്തില്‍ മനോഹരങ്ങളായ ധാരാളം പൂക്കളും ഉണ്ട്. ഇക്കൂട്ടത്തില്‍പ്പെടുന്ന കുറഞ്ഞ സസ്യങ്ങളെ മാത്രമേ ഇവിടെ കണ്ടെത്താനാകൂയെന്നതിനാല്‍ ഏറെ സംരക്ഷണ പ്രാധാന്യവുമുണ്ട് ഇവയ്‌ക്ക്. പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ഫോറസ്റ്റര്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.
















