കൊല്ലം: നവകേരള നിര്‍മാണമെന്ന പേരില്‍ വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ നിഗൂഢതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമല സംരക്ഷണയാത്രയുടെ നാലാം ദിവസത്തെ പ്രയാണം ആരംഭിച്ച കൊല്ലം മാടന്‍ നടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കൂടി ചേര്‍ന്നുഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് വിദേശരാജ്യങ്ങളില്‍ ഭിക്ഷാംദേഹികളായി പോകേണ്ടെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ഇന്ത്യ സ്വാഭിമാനമുള്ള രാജ്യമാണ്.
കോടികള്‍ ചെലവിഴിച്ചുള്ള മന്ത്രിമാരുടെ ധനസമാഹരണം സുതാര്യമല്ല. ഇതില്‍ സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണെന്ന് കരുതാനാവുന്നില്ല. സര്‍ക്കാരിന്റെ നിലപാടില്‍ ദുരുദ്ദേശ്യമുണ്ട്. സ്വാഭിമാനമുള്ള രാജ്യമാണ് ഇന്ത്യ എന്ന നിലപാടില്‍ ബിജെപി ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















