ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും ജീവിതയോഗ്യമായ നഗരം പൂനെ. പൂനെ, നവി മുംബൈ, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങളാണ് ജിവിതയോഗ്യതാ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പട്ടിക പുറത്ത് വിട്ടത്.
ഏറ്റവും അധികം നഗരങ്ങളുള്ള ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ആദ്യ പത്തില്‍ ഇടം നേടാനായില്ല. ഓരോ നഗരത്തിലെയും ജീവിത സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതാദ്യമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 111 പ്രധാനപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ റാംപൂരാണ് ഏറ്റവും പിന്നില്‍. 116 നഗരങ്ങളെ ഉള്‍പ്പെടുത്താനായിരുന്നു ഉദ്ദേശമെങ്കിലും ഹൗറാ, ന്യൂടൗണ്‍ കൊല്‍ക്കത്ത, ദുര്‍ഗാപൂര്‍, നയാ റായ്‌പൂര്‍, അമരാവതി എന്നീ നഗരങ്ങളെ ഒഴിവാക്കി.
വ്യാവസായിക, സാമൂഹിക, സാമ്പത്തിക, ഭൗതിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളിലെ ജീവിതയോഗ്യത തിട്ടപ്പെടുത്തിയിരിക്കുന്നത്.
















