മുംബൈ: ലോകത്തെ സ്റ്റാർട്ട് അപ് സംരഭങ്ങളുടെ പ്രധാനകേന്ദ്രമായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിയൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഈ മുന്നേറ്റം പുതിയ കണ്ടുപിടുത്തങ്ങൾക്കുവേണ്ടിയുള്ള ആവേശമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസനങ്ങളില്ലാതെ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാകില്ല. ഇന്ത്യയെ വികസനത്തിന്റെയും സംരഭങ്ങളുടെയും നല്ലൊരു കേന്ദ്രമാക്കി മാറ്റാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോടായി പറഞ്ഞു. എല്ലായ്‌പ്പോഴും മികച്ച ചിന്തകളും ആശയങ്ങളും രൂപപ്പെടുന്നത് സർക്കാർ മന്ദിരങ്ങളിൽ നിന്നോ ആഡംബര ഓഫീസുകളിൽ നിന്നോ അല്ല, മറിച്ച് യുവജനങ്ങളിൽ നിന്നുമാണ്. മനുഷ്യ നന്മക്കായി നൂതനമായ മാറ്റങ്ങൾ കണ്ടെത്തു, ഇന്ത്യയെ നവീകരിക്കു- പ്രധാനമന്ത്രി പറഞ്ഞു.
ഐഐടി ബോംബെയിൽ പുതിയതായി ആരംഭിച്ച എനർജി സയൻസ് ആൻഡ് എഞ്ചിനീയറിങ് ആൻഡ് നെൻ്ററൽ ഫോർ സയൻസിന്റെ മന്ദിരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
















