കൊച്ചി: യോഗ ശാസ്ത്രത്തിലേക്ക് ലോക രാഷ്‌ട്രങ്ങളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതസർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന ഒന്നാം അന്താരാഷ്‌ട്ര യോഗ സമ്മേളനത്തിൽ ഡോ.ജി.ഗംഗാധരൻ നായർ പങ്കെടുക്കുന്നു.
ജൂൺ 20, 21 തീയതികളിൽ നടക്കുന്ന സെമിനാറിൽ ഭാരതത്തിൽ നിന്ന് ആറു പേരും വിദേശത്തുനിന്ന് പന്ത്രണ്ടു പേരും പേപ്പർ അവതരിപ്പിക്കുന്നു. “യോഗശാസ്ത്രം സരളമായി പഠിപ്പിക്കുന്നതിനുള്ള വഴികൾ” എന്ന വിഷയത്തിലാണ് ഗംഗാധരൻ നായർ പ്രബന്ധമവതരിപ്പിക്കുന്നത്. ഗംഗാധരൻ നായർ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻറ്റിക്കേറ്റ് മെമ്പർ, പ്ലാനിങ്ങ് ആന്റ് ഡവലപ്പ്മെന്റ് ഡയറക്ടർ തുടങ്ങിയ വിവിധസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്കൃത വ്യാകരണപണ്ഡിതനായ ഗംഗാധരൻ നായർ ഭാരതത്തിലെ വിവിധ സംസ്കൃത സാംസ്കാരിക സംഘടനകളുടെയും, സംസ്കൃത ഡിപ്പാർട്ടുമെന്റുകളുടെയും ഉപദേഷ്ടാവും രക്ഷാധികാരിയുമാണ്. കൊച്ചി തൃപ്പൂണിത്തുറ സംസ്കൃതകോളേജ് റോഡിൽ ഉള്ള ശിവഗംഗയിൽ താമസിക്കുന്ന ഗംഗാധരൻ നായർ ആധുനിക ശാസ്ത്ര സാങ്കേതിക മാധ്യമങ്ങളിലൂടെ ദേശവിദേശങ്ങളിലുള്ള ഒട്ടേറെ പേരെ സംസ്കൃത ശാസ്ത്രങ്ങളും ഉപനിഷത് ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നു.
















