കൊച്ചി: അഭയാര്‍ഥികള്‍ക്ക് എന്നും ആതിഥ്യമരുളിയ ഇന്ത്യയില്‍ അഭയാര്‍ഥികളാകേണ്ടി വന്ന ദുര്യോഗം അനുഭവിച്ച കൊങ്കിണി ജനതയുടെ പൈതൃകത്തിലൂടെയുള്ള യാത്രയായിരുന്നു ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ സഹാപീഡിയ നടത്തിയ ‘അഭിമുഖം’ പരിപാടി. കേരള കൊങ്കിണി സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനും ഗവേഷകനുമായ പയ്യന്നൂര്‍ രമേഷ് പൈ പൈതൃകത്തെക്കുറിച്ച് സംസാരിച്ചു.
ഋഗ്വേദ കാലം മുതല്‍ക്കുള്ള പൈതൃകമാണ് കൊങ്കിണികള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പലരും കരുതുന്നതു പോലെ കൊങ്കിണി എന്നത് ജാതിയല്ലെന്ന് രമേഷ് പൈ ചൂണ്ടിക്കാട്ടി. ഗൗഡ, കുടുംബി, വൈശ്യ, സോനാര്‍ എന്നിവരെല്ലാം കൊങ്കിണി സമുദായത്തിന്റെ പരിധിയില്‍ വരും. ജോലിയുടെ അടിസ്ഥാനത്തിലാണ് കൊങ്കിണിയില്‍ ജാതിയായത്. കമ്മോത്ത് എന്ന കൃഷിയിടത്തില്‍ പണിയെടുത്തവരെല്ലാം കമ്മത്ത് ആയി. അതില്‍ ബ്രാഹ്മണരും അബ്രാഹ്മണരും ഉണ്ടായി.
സ്‌കന്ദ പുരാണത്തിലാണ് സാരസ്വതരുടെ ചരിത്രം തുടങ്ങുന്നത്. പരശുരാമന്‍ നല്‍കിയതെന്നു കരുതപ്പെടുന്ന 96 ഗ്രാമങ്ങളിലാണ് ഇവരുടെ സംസ്‌കാരം വികസിച്ചു വന്നത്. ഉന്നത ജീവിത നിലവാരം പുലര്‍ത്തിയിരുന്ന ഇവരുടെ ജീവിതം താറുമാറായത് പോര്‍ച്ചുഗീസ് അധിനിവേശത്തോടെയാണ്. മതപരിവര്‍ത്തനത്തിനു വേണ്ടി ലോക ചരിത്രത്തില്‍ ആദ്യമായി ഭാഷ നിരോധിച്ചത് ഗോവയിലായിരുന്നു.
മതം മാറുക അല്ലെങ്കില്‍ നാടു വിടുക എന്ന ഭീഷണിയെ തുടര്‍ന്നാണ് കൊങ്കിണികള്‍ തെക്കു ദേശത്തേക്ക് പോന്നത്. കോഴിക്കോട് സാമൂതിരി ഇവര്‍ക്ക് അഭയം നിഷേധിച്ചപ്പോള്‍ കൊച്ചി രാജാവ് അഭയം നല്‍കി. നാലു കനാലുകള്‍ക്കിടയിലുള്ള സ്ഥലമാണ് അവര്‍ക്ക് അധിവസിക്കാന്‍ രാജാവ് നല്‍കിയത്. ചേറുള്ള സ്ഥലം ചെറളായിയും മറ്റവന്‍ ചേരി മട്ടാഞ്ചേരിയായി മാറിയതും അങ്ങനെയാണ്. യഥാര്‍ത്ഥ കൊങ്കിണി തന്നെ ഇല്ലാതായി. എത്തപ്പെട്ട പ്രദേശങ്ങളിലെ ഭാഷകള്‍ കാലാകലങ്ങളായി കൊങ്കിണിയെ സ്വാധീനിച്ചിട്ടുണ്ട്. ലോകോത്തര ചരിത്ര വൈദ്യകൃതിയായ ഹോര്‍ത്തൂസ് മലബാറിക്കസ് എഴുതിയത് കൊങ്കിണി ഭാഷയിലായിരുന്നു.
ഭാഷയിലൂടെ പൈതൃകം കൈമാറി വരുന്നുണ്ടെങ്കിലും ചരിത്ര ശേഷിപ്പുകള്‍ കൊങ്കിണി സമുദായത്തില്‍ ഇല്ലാതായി കഴിഞ്ഞു. അതിനാല്‍ ഇന്ന് നിലനില്‍ക്കുന്ന അനുഷ്ഠാന കലകളും നാടന്‍ കലകളും കാത്തു സൂക്ഷിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
















