ബെംഗളൂരു: കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം അവശേഷിക്കെ സംസ്ഥാനം മുഴുവന്‍ ഇളക്കിമറിച്ച് ബിജെപി നേതാക്കളുടെ പരിപാടികള്‍.
ബിജെപിയുടെ താരപ്രചാരകരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരി, നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ സംസ്ഥാനത്ത് പ്രചാരണം നടത്തിവരികയാണ്.
സ്മൃതി ഇറാനി, രാജ്‌നാഥ് സിങ്ങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് തുടങ്ങിയവര്‍ ഇന്ന് മുതല്‍ പ്രചാരണം ആരംഭിക്കും.
അഞ്ച് ദിവസങ്ങളിലായി 15 പൊതുസമ്മേളനങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മെയ് ഒന്ന്, മൂന്ന് ദിവസങ്ങളില്‍ ആറു പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. അഞ്ചരലക്ഷത്തിലധികം ആള്‍ക്കാരാണ് മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത്.
അഞ്ച്, ആറ്, എട്ട്, ഒന്‍പത് തീയതികളിലാണ് ഇനിയുള്ള പരിപാടികള്‍. അഞ്ചിന് തുംകൂര്‍, ഗഡാഗ്, ശിവമോഗ, മംഗളൂരു. ആറിന് ചിത്രദുര്‍ഗ, റെയ്ച്ചൂര്‍, ജമാഗണ്ഡി, ഹൂബ്ബളി. എട്ടിന് വിജയപുര, കൊപ്പാള, ബെംഗളൂരു. ഒന്‍പതിന് ബംഗാരപേട്ട, ചിക്കമംഗളൂരു, ബെല്‍ഗാവി, ബിദാര്‍.
ഇന്നലെ അഞ്ച് പൊതുസമ്മേളനങ്ങളിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. ഇന്ന് ഹല്യല, മുഡ്ഡിബിഹള്‍, മുഡ്ഡോള്‍, തെരേലയില. നാളെ സേലം, ബെല്‍ക്കി. നിതിന്‍ ഗഡ്ക്കരി ഇന്നലെ രണ്ട് റോഡ് ഷോകളിലും രണ്ട് പൊതുസമ്മേളനങ്ങളിലും പങ്കെടുത്തു.
സ്മൃതി ഇറാനി ഇന്ന് അംനിഗേരി, ഗാന്ധിചൗക്കില്‍ പൊതുസമ്മേളനങ്ങളിലും കുണ്ടാഗോള്‍, ഗുലേഡഗഡ്ഡ, ഹൂബ്ലിയില്‍ റോഡ് ഷോയിലും പങ്കെടുക്കും. നാളെ എത്തുന്ന രാജ്‌നാഥ് സിംഗ് അലാന്‍ഡ, അഫ്‌സല്‍പുര്‍, ചിത്താപുര്‍, ചിഞ്ചോളി പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.
ഒരാഴ്ചയായി സംസ്ഥാനത്തുള്ള അമിത്ഷാ ഇരുപതിലധികം പരിപാടികളിലാണ് പങ്കെടുത്തത്. അഞ്ചുമുതല്‍ വീണ്ടും അമിത്ഷാ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും റോഡ് ഷോകളും നടക്കും.
ചിട്ടയായ ഗൃഹസമ്പര്‍ക്കമാണ് നടക്കുന്നത്. സംസ്ഥാനത്തെ മുഴുന്‍ പേജ് പ്രമുഖന്മാരെയും പങ്കെടുപ്പിച്ച് മേഖലകളില്‍ നടത്തിയ യോഗങ്ങളില്‍ അമിത്ഷാ നേരിട്ട് പങ്കെടുത്തു. അതാത് കേന്ദ്രങ്ങളില്‍ എല്ലാ ദിവസവും പേജ് പ്രമുഖന്മാരുടെ യോഗങ്ങള്‍ ചേരുന്നു.
സംസ്ഥാനത്തെ ഏഴു ഭാഗങ്ങളായി തിരിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്, ബീഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ, രാജസ്ഥാന്‍ എംപി ഓംപ്രകാശ് മാഥൂര്‍, ഗുജറാത്ത് എംപി സി.ആര്‍. പാട്ടീല്‍, മുന്‍ മുംബൈ ബിജെപി പ്രസിഡന്റ് ആശിഷ് ഷെലാര്‍, ഭണ്ഡേന്ദ്ര യാദവ്, ദില്ലി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ എന്നിവരുള്‍പ്പെടുന്ന 11 പേര്‍ മേല്‍നോട്ടം വഹിക്കുന്നു.
വികസനം മുഖ്യവിഷയമാക്കിയും സിദ്ധരാമയ്യ സര്‍ക്കാരിന്റെ അക്രമ, അഴിമതി, വിഭജന രാഷ്‌ട്രീയവും തുറന്നു കാട്ടിയുമാണ് ബിജെപി പ്രചാരണം. അവസാനഘട്ടത്തില്‍ അടിതെറ്റിയ കോണ്‍ഗ്രസ് ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം ഉണ്ടാക്കാനാണ് ശ്രമം. ഇതിനായി ജാതി, മതം, ഭാഷ ഇവയെല്ലാം സിദ്ധരാമയ്യ ദുരുപയോഗം ചെയ്യുന്നു. എതിരാളികള്‍ക്കെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു.
















