തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) യുടെ വിവിധ പഠനവകുപ്പുകളില്‍ നടത്തുന്ന എം. ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 5 ആണ്.
ഇന്‍ഫ്രാസ്ട്രക്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ് (സ്‌കൂള്‍ ഓഫ് ബില്‍ഡിങ് സയന്‍സസ്), എംബെഡ്ഡ്ഡ് സിസ്റ്റംസ് ടെക്‌നോളോജിസ് (സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ സയന്‍സസ്), എലെക്ട്രിക്കല്‍ വെഹിക്കിള്‍ ടെക്‌നോളജി (സ്‌കൂള്‍ ഓഫ് എലെക്ട്രിക്കല്‍ സയന്‍സസ്), മെക്കാനിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജി (സ്‌കൂള്‍ ഓഫ് മെക്കാനിക്കല്‍ സയന്‍സസ്) എന്നീ നാല് എം. ടെക് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഓരോ പ്രോഗ്രാമിന്റെയും പഠനകാലാവധി രണ്ട് വര്‍ഷമാണ്. ഓരോ പ്രോഗ്രാമിലും 18 സീറ്റുകള്‍ വീതമാണുള്ളത്.
ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ടെക് അല്ലെങ്കില്‍ എംഎസ്‌സി ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് മതിയാകും. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല. യോഗ്യതാ കോഴ്‌സിന്റെ അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 400 രൂപ. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200. അപേക്ഷകള്‍
www.lbsapplications.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം.
















