ഹരിപ്പാട്: ആര്‍എസ്എസ് ശാഖാ കാര്യവാഹിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച മാരകായുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചതായി പ്രതികളുടെ മൊഴി. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
ആക്രമണത്തിന് ഉപയോഗിച്ച വാളുകളും വെട്ടുകത്തിയും മാന്നാര്‍ എണ്ണയ്‌ക്കാട് പാലത്തിനടിയില്‍ ആറ്റില്‍ ഉപേക്ഷിച്ചതായാണ് പ്രതികളുടെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ഹരിപ്പാട് വെട്ടുവേനി കിഴക്കേ കോടാമ്പള്ളി തെക്കേതില്‍ അഖില്‍ റോയ് (28), മണ്ണാറശാല രാധം ഹൗസില്‍ വിഷ്ണു സത്യന്‍ (33), ചെറുതന ശാസ്താംമുറി വാഴുവേലില്‍ തറയില്‍ അരുണ്‍കുമാര്‍ ബി. (28 – അപ്പൂസ്) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിനായി അഗ്നിരക്ഷാസേനയുടെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായത്തോടെ ആറ്റില്‍ തെരച്ചില്‍ നടത്തുമെന്നും മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
29ന് രാത്രി എട്ട്മണിയോടെ പുളിക്കീഴ് പെട്രോള്‍ പമ്പിനു കിഴക്കുവശത്തായിരുന്നു ആക്രമണം. കാര്‍ത്തികപ്പള്ളി വാതല്ലൂര്‍ കോയിക്കല്‍ ശാഖാ കാര്യവാഹ് കുമാരപുരം എരിയ്‌ക്കാവ് ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നനെ (32) കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. ഇരുകൈകള്‍ക്കും കാലിനും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. എറണാകുളത്ത് സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വിഷ്ണു.
മാസങ്ങള്‍ക്ക് മുമ്പ് കാര്‍ത്തികപ്പള്ളി വലിയകുളങ്ങര അമ്പലത്തിലെ ഉത്സവത്തിനിടെ കെട്ടുകളയെ ഒരുക്കുന്നതിനിടയിലേക്ക് തോക്കുമായെത്തിയ ഇതേ അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് ഇവരെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലത്രെ.
തൃക്കുന്നപ്പുഴ എസ്എച്ച്ഒ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ കെ. അജിത്, പി. ശ്രീകുമാര്‍, രഞ്ജിത്ത്, എഎസ്ഐ എസ്. ഗോപകുമാര്‍, സീനിയര്‍ സിപിഒ മാരായ സാജിദ്, അനീഷ് കുമാര്‍, സിദ്ദിഖ്, മണിക്കുട്ടന്‍, ഗിരീഷ് ലാല്‍, ഇയാസ്, സിപിഒ നജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
















