തലശ്ശേരി: സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സര്‍ക്കസ് അക്കാദമിക്ക് അകാല ചരമം. 2009 ലാണ് പാലയാട് ചിറക്കുനി ബസാറിലെ രാജ് കമല്‍ ചിത്രമന്ദിര്‍ എന്ന സിനിമാശാല വാടകക്ക് വാങ്ങി അന്നത്തെ വി.എസ് സര്‍ക്കാര്‍ താല്‍ക്കാലിക സര്‍ക്കസ് അക്കാദമിക്ക് സൗകര്യമൊരുക്കിയത്. സ്ഥിരം അക്കാദമി സ്ഥാപിക്കാന്‍ എരഞ്ഞോളി ക്യുണ്ടൂര്‍ മലയില്‍ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും അതിപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. പാലയട്ടെ താല്‍ക്കാലിക സൗകര്യത്തിന് പ്രതിമാസം 30,000 രൂപയായിരുന്നു വാടക. മൂന്ന് പരിശീലകര്‍, ഒരു പാചകക്കാരി, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരെയും നിയമിച്ചു. തുടക്കത്തില്‍ വിവിധ സര്‍ക്കസ് ഉടമകളുടെ സഹായത്താല്‍ പത്തോളം ഇതര സംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിക്കാനെത്തിയിരുന്നു. ഇവരെ സമീപത്തെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ച് സര്‍ക്കസ് പരിശീലനത്തോടൊപ്പം ഔപചാരിക വിദ്യാഭ്യാസവും നല്‍കി. ഭക്ഷണം, താമസം, പരിശീലനം എന്നിവ സൗജന്യമായിരുന്നു. പരിശീലനത്തിനായി പ്രത്യേക സിലബസ് തയ്യാറാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും എങ്ങുമെത്തിയിരുന്നില്ല. ആധുനിക പഠന ഉപകരണങ്ങളോ, പരിശീലന സമ്പ്രദായമോ ഇല്ലാതിരുന്നതിനാല്‍ പഠിതാക്കള്‍ പലരും വിട്ടു പോയി. ഒടുവില്‍ ഒരു കുട്ടി മാത്രമായതോടെ അക്കാദമിയുടെ പ്രവര്‍ത്തനം തന്നെ നിലച്ചു. ഇതിനിടയില്‍ പ്രശ്‌നത്തിലിടപെട്ട മുന്‍ കായികമന്ത്രി ഇ.പി.ജയരാജന്‍ പാലയട്ടെ സര്‍ക്കസ് അക്കാദമിയെ കളരി, യോഗ, കരാട്ടെ, സര്‍ക്കസ് എന്നിവയെല്ലാം പഠിപ്പിക്കുന്ന മാര്‍ഷല്‍ അക്കാദമിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ വാഗ്ദാനങ്ങളും കാറ്റില്‍ പറന്നു. ഇപ്പോള്‍ സര്‍ക്കാറിനൊപ്പം സര്‍ക്കസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരും ഇത്തരമൊരു സംവിധാനത്തെ പറ്റി ഓര്‍ക്കുന്നു പോലുമില്ല എന്നാണറിയുന്നത്.
















