തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് അക്രമിച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എഴുതിത്തള്ളാന്‍ നീക്കം. സിപിഎം അനുഭാവികളായ പോലീസുകാരാണ് കേസ് അന്വേഷണം നടത്തിയത്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പ്രമുഖനായ എസ്എഫ്‌ഐ നേതാവാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ നിത്യസന്ദര്‍ശകനായ ഈ നേതാവിന്റെ പങ്കിനെക്കുറിച്ച് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ ഇടപെടലില്‍ ഇയാളുടെ അറസ്റ്റ് വൈകിപ്പിക്കുകയാണ് ചെയ്തത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടുകൂടി കേസ് തന്നെ എഴുതിത്തള്ളാനുള്ള നീക്കമാണ് നടന്നുവരുന്നത്. പോലീസ് ഓഫീസേഴ്‌സ് സമ്മേളനത്തില്‍ ചുവന്ന കുപ്പായമിട്ട് സെല്‍ഫിയെടുത്ത് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട പോലീസുദ്യോഗസ്ഥനും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അക്രമക്കേസ് എളുപ്പത്തില്‍ എഴുതിത്തള്ളാന്‍ സിപിഎമ്മിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ ഒട്ടേറെ കേസുകള്‍ ലോങ് പെന്റിംഗ് കേസുകളായി മാറ്റിയിട്ടുണ്ട്. സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ നടന്ന അക്രമക്കേസിന്റെ അന്വേഷണം പൂര്‍ണ്ണമായും നിലച്ചമട്ടാണ് ഇപ്പോഴുള്ളത്. ഇതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വയല്‍ക്കിളികള്‍ ആരോപിക്കുന്നത്. സുരേഷ് കീഴാറ്റൂരിന്റെ വീട് അക്രമിച്ച സംഘം സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യം അന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു. എസ്‌ഐ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് പത്തോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയെ കണ്ടെത്തിയതോടെയാണ് ഭരണകക്ഷിയില്‍പ്പെട്ട ഉന്നത രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് കേസന്വേഷണം അട്ടിമറിച്ചത്. തൃച്ഛബരത്തെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ബോംബാക്രമണം, ബിജെപി പ്രവര്‍ത്തകന്റെ കാല് കൊത്തിയ സംഭവം തുടങ്ങിയ കേസുകളിലും പ്രതികളെ തിരിച്ചറിഞ്ഞ ശേഷം അന്വേഷണം മരവിപ്പിച്ചിരുന്നു. ഇതേ അവസ്ഥതന്നെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമണ കേസിലും വന്നത്. പ്രമാദമായ കൊലക്കേസുകളിലെ പ്രതികളെ പിടികൂടി ഏറെ പ്രശംസപിടിച്ചുപറ്റിയ പോലീസ് സംഘമാണ് തളിപ്പറമ്പിലുള്ളതെങ്കിലും ചിലകേസുകള്‍ അട്ടിമറിയാന്‍ കാരണം രാഷ്‌ട്രീയ ഇടപെടല്‍ തന്നെയാണെന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.
സംഭവത്തില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികളുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളും പോലീസിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
















