ജംഷഡ്പൂര്‍: കാണാതായ ഭാര്യയെ തിരഞ്ഞ് ഭര്‍ത്താവ് സൈക്കിളില്‍ സഞ്ചരിച്ചത് 600 കിലോമീറ്റര്‍. ബംഗാളിലെ ഖരഗ്പൂരിലാണ് സംഭവം. ഝാര്‍ഖണ്ഡ് മുസബനി ബലിഗോഡ ഗ്രാമത്തിലെ മനോഹര്‍ നായിക് എന്നയാളുടെ ഭാര്യ അനിതയെ കഴിഞ്ഞ ജനുവരി 14ന് മകരസംക്രാന്തി മുതലാണ് കാണാതായത്. കുമ്രസോള്‍ ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞിട്ടും ഭാര്യ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ വിവരം നായിക് അറിയുന്നത്.
അനിതയുടെ മാനസിക നില തകരാറിലാണ്. സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. തുടര്‍ന്ന് നായിക് പോലീസില്‍ പരാതി നല്‍കിയതിനൊപ്പം പ്രാദേശിക ദിനപത്രങ്ങളില്‍ പരസ്യവും നല്‍കി. ഇതോടൊപ്പം തന്നെ നായിക് സൈക്കിളില്‍ അനിതയ്‌ക്കായി തിരച്ചിലിന് ഇറങ്ങുകയായിരുന്നു. പ്രതിദിനം 25 കിലോമീറ്ററോളം സഞ്ചരിച്ച് 24 ദിവസത്തിനുള്ളില്‍ 65 ഗ്രാമങ്ങളിലുടെ നായിക് സഞ്ചരിച്ചു.
ഇതിനൊടുവില്‍ ഖരഗ്പൂര്‍ നിവാസിയായ ഒരാള്‍ അനിത റോഡരികില്‍ ഇരിക്കുന്നതുകണ്ട് തിരിച്ചറിയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പീന്നിട് മനോഹര്‍ ഖരഗ്പൂര്‍ സ്റ്റേഷനില്‍ ഇരുവരുടേയും ആധാര്‍ കാര്‍ഡുമായെത്തി ഫെബ്രുവരി 10ന് അനിതയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
















