ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചതോടെ മറ നീക്കിയത് ഔദ്യോഗികപക്ഷത്തെ കടുത്ത ഭിന്നത. പ്രതിനിധി സമ്മേളന ചര്‍ച്ചയില്‍ ഔദ്യോഗികപക്ഷത്തെ നേതാക്കള്‍ക്കെതിരെ അതേ പക്ഷക്കാരായ പ്രതിനിധികള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയത് ആസൂത്രിതമായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ടി.കെ.ദേവകുമാര്‍, കെ.പ്രസാദ്, കെ.രാഘവന്, സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാസെക്രട്ടറിയുമായ സി.ബി.ചന്ദ്രബാബു എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വേണമെന്ന അഭിപ്രായം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മറുപടി പ്രസംഗത്തിലുണ്ടായത് ഔദ്യോഗിക പക്ഷത്തെ ചേരിപ്പോര് പരസ്യമാക്കി.
ദേവകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചു. ചന്ദ്രബാബു ഒഴികെയുള്ള മൂന്നുപേരും നിലവില്‍ ഔദ്യോഗിക പക്ഷത്തോടൊപ്പമുള്ളവരാണ്. സംഘടനാപരമായി ഹരിപ്പാട് മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുണ്ടായിട്ടും അത് തെരഞ്ഞെടുപ്പ് നേട്ടമാക്കി മാറ്റാന്‍ കഴിയാത്തത് ചില നേതാക്കളുടെ പോരായ്മകള്‍ കൊണ്ടാണെന്ന വിമര്‍ശനമുണ്ടായി. വോട്ടു ചോര്‍ച്ചയുമുണ്ടായി. ഇത് അവിടെ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ദേവകുമാറിനു നേരേ വിരല്‍ ചൂണ്ടുന്നതായിരുന്നു.
ചാരുംമൂട്ടില്‍ ഔദ്യോഗികപക്ഷത്തുണ്ടായ പൊട്ടിത്തെറിയാണ് കെ.രാഘവന് തിരിച്ചടിയായത്. സംസ്ഥാന കമ്മിറ്റിയംഗമായ ജി.സുധാകരന് സജീവമായി ഇടപെട്ടിട്ടും ചാരുംമൂട് ഏരിയാ സമ്മേളനത്തില്‍ സമവായ സാധ്യത അടഞ്ഞത് ചില നേതാക്കളുടെ കടുംപിടിത്തം കാരണമാണെന്ന വിമര്‍ശനമുണ്ടായി.
ചേര്‍ത്തല, അരൂര്‍ ഏരിയാകളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കെ.പ്രസാദും സി.ബി.ചന്ദ്രബാബുവും പ്രതിക്കൂട്ടിലായത്. ചേര്‍ത്തല നഗരസഭാ ഭരണം നഷ്ടമാക്കിയതില്‍ കെ.പ്രസാദിന് പ്രധാന പങ്കുണ്ടെന്ന് ചേര്‍ത്തലയില്‍നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.
ജില്ലാ സെക്രട്ടറി പേരെടുത്ത് വിമര്‍ശിച്ച ഔദ്യോഗികപക്ഷത്തെ പ്രമുഖര്‍ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളാകുമോ എന്നാണ് ചോദ്യം ഉയരുന്നത്. അമ്പലപ്പുഴ, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ സിപിഎമ്മിനുള്ളില്‍ നിന്നുതന്നെ ആസൂത്രിത നീക്കങ്ങളുണ്ടായെന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികളും വരുംദിവസങ്ങളില്‍ ഉണ്ടാകും.
ജില്ലാ സെക്രട്ടറിയായി സജി ചെറിയാന് തുടരും. 45 അംഗ ജില്ലാകമ്മറ്റിയില്‍ നാല്‍പ്പത് പേരും ഉറച്ച ഔദ്യോഗിക പക്ഷക്കാരാണ്. ഒന്‍പത് പുതുമുഖങ്ങളാണ് കമ്മറ്റിയിലുള്ളത്. 38 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: